gdfvcbh
എന്റെ കൂട്

 ഒമ്പത് വർഷത്തിനിടെ താമസിച്ചത് 8000 സ്ത്രീകൾ

 മൂന്ന് ദിവസം വരെ സൗജന്യ താമസം

കോഴിക്കോട്: നഗരത്തിൽ രാത്രിയെത്തുന്ന സ്ത്രീ യാത്രക്കാർക്ക് സുരക്ഷിത താമസമൊരുക്കി "എന്റെ കൂട്'. 2015ൽ ആരംഭിച്ച സ്ഥാപനം ഒമ്പത് വർഷം പിന്നിടുമ്പോൾ താമസിക്കാനെത്തിയത് 8000 ലധികം സ്ത്രീകൾ. പിന്നിട്ട ഓരോ വർഷവും 1,400 - 1,500 സ്ത്രീകളാണ് ഇവിടെയെത്തിയത്. പരീക്ഷ, അഭിമുഖം, ചികിത്സ എന്നീ ആവശ്യങ്ങൾക്ക് നഗരത്തിലെത്തിയ സ്ത്രീകളാണ് എന്റെ കൂട്ടിലെത്തിയവരിൽ ഏറെയും. വൈകിട്ട് 6.30 മുതൽ രാവിലെ 7.30 വരെ 'എന്റെ കൂടിൽ' കഴിയാം. പ്രവേശനവും താമസവും പൂർണമായും സൗജന്യമാണ്. മൂന്ന് ദിവസം വരെ കഴിയാം. മൂന്നിൽ കൂടുതൽ ദിവസങ്ങളിൽ താമസിക്കേണ്ടി വന്നാൽ അധികം വരുന്ന ഓരോ ദിവസത്തിനും 150 രൂപ നൽകണം. താമസിക്കാൻ ഡോർമെറ്ററി സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ശുചിമുറി സൗകര്യവും ലഭ്യമാണ്. രണ്ട് മൾട്ടി ടാസ്‌കിംഗ് കെയർ ടേക്കർമാരും ഒരു ശുചീകരണ തൊഴിലാളിയുമാണ് കേന്ദ്രത്തിലുള്ളത്. പലവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയിൽ സുരക്ഷിത താമസമുറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി കേരളത്തിൽ കോഴിക്കോടാണ് ആദ്യമായി നടപ്പാക്കിയത്. പുലർച്ചെ മൂന്ന് മണി വരെ പ്രവേശനം അനുവദിക്കും. താമസത്തിനായി വരുന്നവർ അംഗീകൃത തിരിച്ചറിയൽ രേഖ കൈവശം വെക്കണം. രാത്രി 8 മണി വരെ പ്രവേശനം നേടുന്നവർക്ക് രാത്രി ഭക്ഷണം സൗജന്യമായിരിക്കും. സ്ഥാപനത്തിന്റെ പ്രവർത്തനം, ജീവനക്കാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികൾ directorate.wcd@kerala.gov.in, 0471-2346508 എന്നിവയിൽ അറിയിക്കാം. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് എന്റെ കൂടുള്ളത്.

"സാമൂഹിക നീതി വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു രാത്രി 50 പേർക്ക് സൗകര്യം ഉപയോഗിക്കാൻ കഴിയും. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും ഏകോപനത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.

അരുൺ കുമാർ എം, ജില്ലാ വനിതാ ശിശു വികസന വകുപ്പ്

പ്രവേശനം ഇവർക്ക്

സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസിനു താഴെയുള്ള ആൺകുട്ടികൾ

സംസ്ഥാനത്ത് മൂന്ന് എണ്ണം

2015ൽ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനു സമീപം

2018ൽ തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിലെ കെ.ടി.എഫ്.ഡി.സി കെട്ടിടത്തിൽ

2022 ൽ കാക്കനാട് ഐ.എം ജിയ്ക്ക് സമീപം നിർമിച്ച കെട്ടിടത്തിൽ