skill
സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകൾ

 5 കോടി അനുവദിച്ചു

കോഴിക്കോട്: ജില്ലയിലെ 22 സ്‌കൂളുകളിൽ കൂടി സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകൾ തുടങ്ങുന്നു. 15 ബ്ലോക്കുകളിലായി 23 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്. ബാലുശ്ശേരി ജി.വി.എച്ച്. എസ്. എസിൽ പൈലറ്റ് പ്രോജക്ടായി കഴിഞ്ഞവർഷം മുതൽ സെന്റർ പ്രവർത്തനമാരംഭിച്ചിരുന്നു. ബാക്കി വരുന്ന 22 സെന്ററുകൾ ഒക്‌ടോബർ രണ്ടുമുതൽ ആരംഭിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവയിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഔട്ട് ഓഫ് സ്‌കൂൾ വിദ്യാർത്ഥികൾ, സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ( 18 മുതൽ 23 വയസ് വരെ) എന്നിവർക്ക് സെന്റർ പ്രയോജനപ്പെടും. കുട്ടികളുടെ അഭിരുചിക്കും തൊഴിൽസാദ്ധ്യതയ്ക്കും അനുഗുണമായ വൈദഗ്ദ്ധ്യം നൽകുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള വഴി സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്നതാണ് പദ്ധതി.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമുള്ളവർക്ക് പ്രവേശനത്തിൽ സംവരണമുണ്ടായിരിക്കും. ഒഴിവ് ദിവസങ്ങളിലും സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലുമായിരിക്കും കോഴ്സിന്റെ നടത്തിപ്പ്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ ഹർഷിൽ ആർ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ (ഹയർസെക്കൻഡറി) സന്തോഷ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ വി.വി വിനോദ്, വി.ടി.ഷീബ, കെ.എ.എസ്.ഇ പ്രതിനിധി അബൂസഹീം എന്നിവർ പ്രസംഗിച്ചു. സെന്റർ ചുമതലയുള്ള പ്രിൻസിപ്പൽമാർ, ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു. ഫോൺ: 04952961441.

ഒരു സ്‌കൂളിൽ 25 കുട്ടികൾ വീതം രണ്ട് ബാച്ചുകൾ

കോഴ്സ് ദൈർഘ്യം ഒരു വർഷം ,​ പരിശീലനം സൗജന്യം.

'ഒരു സെന്ററിന് 21,50,000 രൂപ വീതം 4,94,50,000 രൂപ 23 സ്‌കൂളുകൾക്ക് അനുവദിച്ചു'.

ഡോ.എ.കെ.അബ്ദുൾഹക്കീം,​ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ