
കോഴിക്കോട്: ബേപ്പൂർ നിയോജകമണ്ഡലത്തിൽ വിനോദസഞ്ചാര വകുപ്പിനു കീഴിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി പരിശോധിച്ച് ഓരോന്നിന്റെയും പൂർത്തീകരണത്തിന് സമയക്രമം തീരുമാനിച്ചു. ബേപ്പൂർ ആൻഡ് ബിയോണ്ട് പദ്ധതിയുടെ ഒന്നാംഘട്ടവും കടലുണ്ടി പക്ഷിസങ്കേതവും 30നകവും ഓഷ്യാനസ് ചാലിയം ഒന്നാം ഘട്ടം ഒക്ടോബർ പത്തിനകവും പൂർത്തിയാക്കാനാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ ഉറപ്പുനൽകി. 9.95 കോടി രൂപ ചെലവഴിച്ചാണ് ബേപ്പൂർ ആൻഡ് ബിയോണ്ട് പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കുന്നത്. കടലുണ്ടി പക്ഷിസങ്കേതത്തിന് 1.43 കോടിയും ഓഷ്യാനസ് ചാലിയം ഒന്നാം ഘട്ടത്തിന് 99 ലക്ഷം രൂപയുമാണ് ചെലവ്. ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത്, പ്ലാനിംഗ് ഡെപ്യൂട്ടി ഡയറക്ടർ അശ്വിൻ, പ്ലാനിംഗ് ഓഫീസർ രാജീവ് തുടങ്ങിയവരും വിവിധ പദ്ധതികളുടെ നിർവഹണ ഏജൻസിയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.