 
സദ്യ ഉഷാറാക്കാൻ ഉപ്പേരി റെഡി
ഏത്തയ്ക്ക ഉപ്പേരി-380 മുതൽ
ശർക്കര ഉപ്പേരി-390 മുതൽ
കോഴിക്കോട്: ഓണസദ്യയിൽ വറുത്തുപ്പേരിയും ശർക്കര വരട്ടിയും ഉറപ്പിക്കാൻ ഇടവേളകളില്ലാതെ നഗരത്തിലെ ചിപ്‌സ് നിർമ്മാണ കേന്ദ്രങ്ങൾ. ഏത്തയ്ക്ക ഉപ്പേരി കിലോയ്ക്ക് 380 രൂപയും ശർക്കര ഉപ്പേരിക്ക് 390 രൂപ യ്ക്ക് മുകളിലോട്ടുമാണ് വില. ഉപ്പേരിയുണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണയും ബ്രാൻഡുകൾക്കനുസരിച്ചുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. തിരുവോണം അടുക്കുന്നതോടെ ഡിമാൻഡ് കൂടുന്നതിനാൽ വിലയിൽ മാറ്റം വരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഓൺലൈനിലും ഉപ്പേരി ലഭ്യമാണെങ്കിലും വില കൂടുതലാണ്. കായ വറുത്തതിനും ശർക്കര വരട്ടിക്കും പുറമെ പഴം, കപ്പ, ഉരുളക്കിഴങ്ങ് എന്നിവയുടെ ചിപ്സിനും ഓണം പ്രമാണിച്ച് ആവശ്യക്കാരേറിയിട്ടുണ്ട്.
വില ഉയരാതെ നേത്രക്കായ
ഓണം അടുത്തെത്തിയിട്ടും വില ഉയരാതെ നേത്രക്കായ. ഒരു മാസം മുമ്പ് വരെ 50 രൂപ മുതൽ 60 രൂപ വരെ വില കിട്ടിയിരുന്ന നേന്ത്രക്കായയ്ക്ക് ഇന്നലെ 38 മുതൽ 42 രൂപയായി കുറഞ്ഞു. 50 രൂപയ്ക്കാണ് ചില്ലറ വിൽപ്പന. നേന്ത്രക്കായ വില 75 രൂപവരെ പോയ കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് റെക്കാഡ് വില ഇടിവാണ് ഇത്തവണ. ഞാലിപ്പൂവനും പാളയം കോടനും നേരിയ വില വർദ്ധനവുണ്ട്. പാളയംകോടന് നാൽപ്പതും ഞാലിപ്പൂവന് 80 രൂപയുമാണ് മൊത്ത വില. തമിഴ്നാട്ടിലെ സത്യമംഗലം, മേട്ടുപ്പാളയം, പുളിയാംപെട്ടി, അണ്ണൂർ ഭാഗങ്ങളിൽ നിന്ന് വാഴക്കുലകൾ ധാരാളമായി എത്തിയതാണ് വിലയിടിയാൻ കാരണം. തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വില ഉയരാനുള്ള സാദ്ധ്യത കുറവാണ്. അതേസമയം ഏത്തയ്ക്കാ വില ഇടിഞ്ഞിട്ടും ഉപ്പേരി (കായ വറുത്തത്) വിലയിൽ കുറവൊന്നുമില്ല.
കാണാനില്ല നാടൻ നേന്ത്രക്കായ
കനത്ത മഴയിലും കാറ്റിലും നേന്ത്രവാഴക്കൃഷി വ്യാപകമായി നശിച്ചതോടെ ജില്ലയിൽ നാടൻ നേന്ത്രക്കായ കാണാനില്ല. സാധാരണ ഓണത്തിനോടനുബന്ധിച്ച് ഉപ്പേരി വിപണി സജീവമാകുന്നതോടെ സ്വാഭാവികമായും നാടൻ പച്ചക്കായയ്ക്ക് ആവശ്യം കൂടേണ്ടതായിരുന്നു. കനത്ത മഴയിലും കാറ്റിലും നേന്ത്രവാഴക്കൃഷി വ്യാപകമായി നശിച്ചതിനാൽ ഇത്തവണ പ്രാദേശിക നേന്ത്രക്കായ്കൾ പൊതുവെ കുറവാണ്.
സുരക്ഷ ഉറപ്പാക്കാൻ
ഭക്ഷ്യ പരിശോധന
കോഴിക്കോട്: ഓണക്കാലത്ത് ഭക്ഷണസാധനങ്ങളുടെ സുരക്ഷയുറപ്പിക്കാൻ പ്രത്യേക പരിശോധനയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. കഴിഞ്ഞ ദിവസം 86 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ ആറ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. രണ്ട് സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. 16 സാമ്പിളുകൾ ശേഖരിച്ചു. 11 സ്ഥാപനങ്ങൾക്ക് പിഴയീടാക്കാൻ നോട്ടിസ് നൽകി. ഓണക്കാലത്ത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്താൻ സാദ്ധ്യത ഏറിയതിനാലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പ്രത്യേക പരിശോധന നടത്തുന്നത്. വിൽപ്പന കൂടുന്ന വെളിച്ചെണ്ണ, നെയ്യ്, ശർക്കര, പപ്പടം, പായസ കിറ്റുകൾ, പയറുവർഗങ്ങൾ തുടങ്ങിയ ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, നിർമ്മാണ യൂണിറ്റുകൾ, വഴിയോര കച്ചവട സാധനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. ഓണക്കാലമായതിനാൽ വഴിയോരങ്ങളിൽ പായസവിൽപ്പനയും ജ്യൂസ് കടകളും മറ്റും പരിശോധന നടത്തി. ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പാലിലും മായം കലർന്ന് വിപണിയിലെത്താനിടയുണ്ട്. കൊഴുപ്പു കൂട്ടുന്ന മാർട്ടോ ഡെക്സ്ട്രിൻ എന്ന കാർബോ ഹൈഡ്രേറ്റും യൂറിയ, ഹൈഡ്രജൻ പൊറോക്‌സൈഡ് തുടങ്ങിയ രാസപദാർഥങ്ങളും പാലിൽ കലർത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും പരിശോധന നടക്കുന്നുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും. ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ ഭക്ഷണ പായ്ക്കറ്റുകൾ വിതരണത്തിനായി എത്തിക്കുക, മാർക്കറ്റ് വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനങ്ങൾ നൽകുക, ശുചിത്വ നിലവാരമില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുക, മാർക്കറ്റ് വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനങ്ങൾ നൽകുക, കൃത്രിമ നിറങ്ങളും ചേരുവകളും അടങ്ങിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ലംഘനങ്ങൾക്ക് നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന അഞ്ചംഗ സംഘമാണ് നിരീക്ഷണവും പരിശോധനയും നടത്തുന്നത്. പരിശോധനകളിൽ ക്രമക്കേടുകൾക്ക് കണ്ടെത്തിയാൽ കർശന നടപടിയെടുക്കും'
എ. സക്കീർ ഹുസൈൻ,
ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ