ബേപ്പൂർ : സ്ഥല പരിമിതിമൂലം ശ്വാസം മുട്ടുന്ന മത്സ്യതൊഴിലാളികൾക്ക് ഇരട്ട പ്രഹരമായി അന്യ സംസ്ഥാന ബോട്ടുകളും ലക്ഷദ്വീപ് ബോട്ടുകളും. ഇത്തരം ബോട്ടുകൾ ഹാർബറിൽ നങ്കൂരമിടുന്നതോടെ സ്വദേശി ബോട്ടുകൾക്ക് മത്സ്യം ഇറക്കാനും ഡീസലും ഐസും നിറക്കാനും മണിക്കൂറോളം കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. യൂസർ ഫീയുടെ മറവിലാണ് അന്യ സംസ്ഥാന ബോട്ടുകൾ ഹാർബർ കൈയടക്കുന്നത്. ലക്ഷദ്വീപിൽ നിന്ന് അറ്റകുറ്റപ്പണിക്കായി ബേപ്പൂരിലത്തിയ കൂറ്റൽ ഫൈബർ ബോട്ട് ഹാർബിന്റെ വടക്ക് ഭാഗം വാർഫിന് സമീപം നങ്കൂരയിട്ടിട്ട് ആഴ്ചകളായി. ഉടൻ തന്നെ ഈ ബോട്ട് ചാലിയാറിന്റെ മറ്റേതെങ്കിലും ഭാഗത്ത് മാറ്റി നങ്കൂരമിടണമെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത് . ചാലിയാറിലെ മണൽതിട്ടകൾ കാരണം ബോട്ടുകൾ വാർഫിലേക്ക് അടുപ്പിക്കുവാൻ വേലിയേറ്റം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. അന്യ സംസ്ഥാന ബോട്ടുകളുടെ കടന്നുകയറ്റം മൂലം സ്വദേശി ബോട്ടുകൾ ഹാർബറിലെത്തിക്കുന്ന മീനുകൾക്ക് വില കുറയുന്നതായും പരാതിയുണ്ട്.