news

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിൽ യാത്രാ സൗകര്യമില്ലാത്തിനാൽ സാധാരണക്കാർ ദുരിതത്തിൽ. ഭൂമി ശാസ്ത്രപരമായി കയറ്റങ്ങളും ഇറക്കങ്ങളും ഏറെയുള്ള പ്രദേശത്തെ ഉൾനാടൻ പാതകൾ പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ കായക്കൊടിയിൽ നിന്ന് തിടങ്ങയുള്ള തറ, ചേറ്റുവയൽ, നെല്ലിലായി, തൊട്ടിൽപ്പാലം, പടിച്ചിൽ, എള്ളിക്കാംപാറ, നെടുമണ്ണൂർ, പുന്നതോട്ടം, പാലോളി തുടങ്ങിയ ഭാഗങ്ങളിലേക്കെത്താൻ യാത്രക്കാർക്ക് ഏക ആശ്രയം ജീപ്പ് സർവീസുകളാണ്. കുറ്റ്യാടിയിൽ നിന്ന് കായക്കൊടി വഴി നരിപ്പറ്റ പഞ്ചായത്തിലേക്കും കായക്കൊടിയിൽ നിന്ന് തൊട്ടിൽപ്പാലം ഭാഗത്തേക്കെത്താനും ജീപ്പ് സർവീസുകളെ തന്നെ ആശ്രയിക്കണം. നേരത്തേ നാലു ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥലമാണിത്.

വലയുന്നത് രോഗികളും വിദ്യാർത്ഥികളും

മൊകേരി വഴി കായക്കൊടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസും ഉണ്ടായിരുന്നു. ബസ് ഇല്ലാത്തതിനാൽ മലയോര മേഖലയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റും പോകേണ്ട രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ വലയുകയാണ്. വൈകിട്ട് ഏഴ് കഴിഞ്ഞാൽ കുറ്റ്യാടിയിൽ നിന്ന് കായക്കൊടി ഉൾപ്പെടെയുള്ള ഉൾനാടൻ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യമില്ലെന്ന് തന്നെ പറയാം. പലരും വീട്ടിലേക്ക് ഏറെ പ്രയാസപ്പെട്ടാണ് എത്തുന്നത്.

ആവശ്യം ബസ് സർവീസ്

കുറ്റ്യാടി, മൊകേരി, പേരാമ്പ്ര, നാദാപുരം തുടങ്ങിയ പരിസര പ്രദേശങ്ങളെ ബന്ധപ്പെടുത്തി സ്ഥിരമായി കെ.എസ്.ആർ.ടി.സി ബസ് സർവീസ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹന സൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥികളുൾപ്പെടെയുള്ള പ്രദേശവാസികൾ വിദ്യാലയങ്ങളിലേക്കും ജോലി സ്ഥലങ്ങളിലേക്കും വൈകിയാണ് എത്തുന്നത്.

നിലവിലുള്ള ജീപ്പ് സർവീസിൽ പരിമിതമായ യാത്രക്കാർക്ക് മാത്രമേ സഞ്ചരിക്കാൻ പറ്റുകയുള്ളൂ. ജനങ്ങൾ മറ്റ് വാഹനങ്ങൾക്കായി മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. കായക്കൊടിയിലേക്കുള്ള യാത്രാപ്രശ്നം ഉടൻ പരിഹരിക്കണം.

-സിദ്ധാർത്ഥ്.കെ.പി,

പ്രസിഡന്റ് കായക്കൊടി

മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി