കോഴിക്കോട്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ മാലിന്യമുക്ത കെ.എസ്.ആർ.ടി.സി നടപടികൾക്ക് തുടക്കം.

ഇതുസംബന്ധിച്ച് ചേർന്ന യോഗം ട്രാൻസ്‌പോർട്ട് ബസുകളും സ്റ്റാൻഡുകളും മറ്റും മാലിന്യമുക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളും പരിസരവും മാലിന്യമുക്തമാക്കുന്നതോടൊപ്പം ഓടുന്ന ബസിൽ നിന്ന്
മാലിന്യം വലിച്ചെറിയാതിരിക്കൽ, സ്റ്റാൻഡുകളിൽ നിറുത്തിയിടുന്ന ബസിൽ നിന്ന്
അടിച്ചുവാരി മാലിന്യങ്ങൾ അലക്ഷ്യമായി ഇടാതിരിക്കൽ, സ്റ്റാൻഡ് മാലിന്യമുക്തമാക്കി സൗന്ദര്യ വത്കരിക്കൽ, ഓഫീസിലും സ്റ്റാൻഡുകളിലും ഹരിതചട്ടം പാലിക്കൽ, ശൗചാലയങ്ങൾ നവീകരിക്കൽ, സ്റ്റാൻഡിലെ പൊതു മാലിന്യപ്രശ്നം പരിഹരിക്കൽ എന്നിങ്ങനെ നിർദ്ദേശങ്ങൾ യോഗത്തിലുയർന്നു.

യോഗത്തിൽ കെ.എസ്.ആർ.ടി.സി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി.എം.എ.നാസർ, ജില്ലാ കോ- ഓർഡിനേറ്റർ എസ്.റഫീഖ്, കോഴിക്കോട്, താമരശ്ശേരി, തൊട്ടിൽപ്പാലം, വടകര, തിരുവമ്പാടി ഡിപ്പോകളിലെ യൂണിറ്റ് കോ- ഓർഡിനേറ്റർമാർ, അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ പി.ഇ.രഞ്ജിത്ത്, ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ എം.ഗൗതമൻ, മാലിന്യമുക്ത നവകേരളം കോ- ഓർഡിനേറ്റർ മണലിൽ മോഹനൻ, അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ രാധാകൃഷ്ണൻ, സരിത് എന്നിവർ പങ്കെടുത്തു.