onam
ഓ​ണ​ത്തി​ന്റെ​ ​വ​ര​വ​റി​യി​ച്ച് ​മി​ഠാ​യി​ത്തെ​രു​വി​ലെ​ത്തി​യ​ ​ഓ​ണ​പ്പൊ​ട്ടൻ. ഫോട്ടോ : എ.​ആ​ർ.​സി.​ ​അ​രുൺ

കോഴിക്കോട് : ഓണത്തിനൊരുനാൾ ബാക്കിനിൽക്കെ തിരക്കിന്റെ ഓളത്തിൽ നാടും നഗരവും. ഉത്രാടത്തലേന്ന് ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കായിരുന്നു നാടെങ്ങും. മാളുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, മിഠായിത്തെരുവ്, പാളയം.. ഓണചന്തകളുള്ളയിടമെല്ലാം തിരക്കിലമർന്നു. ദേശഭേദമില്ലാതെ എല്ലാവരുമെത്തുന്ന എല്ലാം ആദായവിലയിൽ കിട്ടുന്ന മിഠായിത്തെരുവിൽ ഇന്നലെ തിക്കും തിരക്കുമായിരുന്നു. കടകളിലേതിനേക്കാൾ വിലക്കുറവ് ഉള്ളതിനാൽ വസ്ത്രങ്ങൾക്ക് സാധാരണക്കാർ ഏറെയും ആശ്രയിക്കാറുള്ളത് തെരുവോര കച്ചവടത്തെയാണ്. കീശ കാലിയാകാതെ വില പേശി വാങ്ങാമെന്നതും തെരുവോര വിപണിയെ ജനപ്രിയമാക്കി. ഓണം തകർത്താഘോഷിക്കാൻ ആകർഷകമായ ഓഫറുകളുമായി കടകളും സജ്ജമായിരുന്നു. പാളയത്ത് പൂക്കൾ, പഴം, പച്ചക്കറി, വിപണികളിലും നല്ല തിരക്കായിരുന്നു. പൂക്കടകൾക്ക് മുന്നിലാണ് കൂടുതലും തിരക്ക് അനുഭവപ്പെട്ടത്. ഇന്നലെ മഴ അൽപം മാറിയത് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയവർക്ക് അനുഗ്രഹമായി. ഉത്രാട ദിനമായ ഇന്ന് തിരക്കുകൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. സാധനങ്ങൾ വാങ്ങാൻ വാഹനങ്ങളുമായി എത്തിയത് നേരിയ ഗതാഗതക്കുരുക്കിന് കാരണമായി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂക്കള മത്സരം ഉൾപ്പെടെ ആഘോഷ ഇനങ്ങൾ പലതും ക്ലബുകളും സ്ഥാപനങ്ങളും വെട്ടിക്കുറച്ചിരുന്നെങ്കിലും കോളേജുകളിലും സ്‌കൂളുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഓണാഘോഷം പതിവുപോലെ നടന്നു. വടംവലി, ഉറിയടി തുടങ്ങിയ വിനോദ പരിപാടികൾ ആഘോഷത്തിന് നിറം നൽകി. മാവേലിയും ഓണപ്പൊട്ടനും നാട്ടിലും നഗരത്തിലും ഒരുപോലെ എത്തി. ശർക്കരയുപ്പേരിയും വറുത്തുപ്പേരിയും ഒരുക്കാൻ നേന്ത്രക്കുലകളും പൂക്കളമൊരുക്കാൻ പല വർണ പൂക്കളും മറുനാട്ടിൽ നിന്ന് വിപണിയിലുണ്ട്. ഓണസദ്യയൊരുക്കി ഹോട്ടലുകളും ആഘോഷത്തിൽ പങ്കാളികളായി. മിക്ക ഹോട്ടലുകളിലും സ്‌പെഷൽ ഓണസദ്യയുണ്ട്. വീടുകളിൽ എത്തിക്കാൻ കാറ്ററിംഗ് വിഭാഗവും തയ്യാർ. മറുനാടുകളിൽ നിന്ന് ഓണത്തിന് നാട്ടിൽ എത്തുന്നതിനാൽ ട്രെയിനിലും ബസിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

നിറംമങ്ങി പൂ വിപണി,
വിലയിൽ പൊള്ളി മുല്ല

കോഴിക്കോട്: ഓണമടുക്കുമ്പോൾ പൂവിൽപ്പന കൊഴുക്കാറുണ്ടെങ്കിലും ഇത്തവണ ഉത്രാടത്തലേന്നും മാറ്റമില്ലാതെ വിപണി. അത്തം മുതൽ ശരവേഗത്തിൽ കുതിച്ച പൂവിലയും ഒരേ നിൽപ്പാണ്. കഴിഞ്ഞവർഷം ഓണക്കച്ചവടത്തിൽ റെക്കാ‌ഡ് നേട്ടമുണ്ടാക്കിയ വ്യാപാരികൾ ഇത്തവണ ചില്ലറ കച്ചവടമെങ്കിലും നടക്കണേയെന്ന പ്രാർത്ഥനയിലാണ്. കോളേജുകളിലും മറ്റും ഓണാഘോഷം നടന്നെണ്ടെങ്കിലും പൂക്കൾക്ക് ആവശ്യക്കാർ കുറവായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. നാട്ടിൽ പലയിടത്തും പൂകൃഷി നടത്തിയതും അന്യസംസ്ഥാനത്ത് നിന്ന് വലിയതോതിൽ പൂക്കൾ വന്നതുമാണ് വിപണിയെ ഉലച്ചത്. മുൻ വ‍ർഷങ്ങളിൽ ഓണത്തിന് ഒരു കിലോയിൽ താഴെ പൂവ് നൽകില്ലെന്ന് പറഞ്ഞിരുന്ന വ്യാപാരികളിപ്പോൾ ചില്ലറ വില്പനയിലൂടെ ആളെക്കൂട്ടാനുള്ള ശ്രമത്തിലാണ്.

മഞ്ഞ ചെണ്ടുമല്ലി– 180

ഓറഞ്ച് ചെണ്ടുമല്ലി – 250

വാടാമല്ലി – 200 - 250

അരളി (പിങ്ക് ) - 300

വെള്ള - 350

പിച്ചി – 200

ചുവന്നചെട്ടി -100
റോസ് -300
കടും റോസ് -250
നീല -320

വിലയിലും വിൽപ്പനയിലും കേമനായി മുല്ല

വിപണിയിൽ മുല്ല പൂവിന്റെ വില ഇത്തവണയും റെക്കോഡിലേക്ക്. ഒരു മുഴം മുല്ല പൂവിന് 120 മുതൻ 150 വരെയാണ്. കാലാവസ്ഥ പ്രതികൂലമായതോടെയാണ് മുല്ല പൂവിന്റെ വില ക്രമാതീതമായി വർദ്ധിച്ചത്. സീസണാവുന്നതോടെ വില ഉയരുന്നത് പതിവാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഓണവും വിവാഹ സീസണും വിലവർദ്ധനവിന് കാരണമായി . കേരളത്തിൽ മുല്ലയുടെ ഉത്പാദനക്കുറവും തമിഴ്നാട്ടിൽ നിന്ന് പൂക്കളുടെ വരവ് കുറഞ്ഞതും വില വർദ്ധിപ്പിച്ചു. തേനി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കളെത്തുന്നത്. വരും ദിവസങ്ങളിൽ വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

മങ്ങാതെ അരളി

പൂക്കളങ്ങളിൽ തിളങ്ങിനിന്ന അരളിപ്പൂവിന് ഇക്കുറിയും ഡിമാൻഡ് കുറഞ്ഞിട്ടില്ല. അരളിയില കഴിച്ച് യുവതി മരിച്ച സംഭവത്തെത്തുടർന്ന് കേരളത്തിൽ അരളിപ്പൂവിന് ഡിമാൻഡ് കുറഞ്ഞിരുന്നു. അരളി തിന്ന പശു കൂടി ചത്തതോടെ ഇതിന് ആക്കം കൂടി. എന്നാൽ ഓണക്കാലമായതോടെ വിപണിയിൽ അരളി വീണ്ടും താരമായി. കിലോയ്ക്ക് 300 രൂപയാണ് വില. ആളുകൾ അരളി അന്വേഷിച്ച് വാങ്ങാറുണ്ടെന്ന് പാളയത്തെ പൂക്കട വ്യാപാരികൾ പറയുന്നു. പിങ്ക്, ചുവപ്പ്, ഇളം മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളിൽ അരളിയുണ്ട്. പിങ്കിനാണ് ആവശ്യക്കാർ ഏറെ. കൂടുതൽ ദിവസം സൂക്ഷിക്കാമെന്നതാണ് അരളിയുടെ പ്രത്യേകത.