
കോഴിക്കോട്: എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടത് വിവാദമാക്കിയതിനെ വിമർശിച്ച് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. കാണാൻ പാടില്ല, തൊടാൻ പാടില്ല എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ചർച്ച. ജനാധിപത്യത്തിന്റെ അടിത്തറയെയാണ് ഈ ചർച്ചകൾ തകർക്കുന്നതെന്ന് പി.പി.മുകുന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. പി.പി.മുകുന്ദന്റെ പേരിലുള്ള പുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അദ്ദേഹം സമർപ്പിച്ചു.
രാജ്യത്ത് തൊട്ടുകൂടായ്മ പൂർണമായും മാറിയെന്ന് പറയാനാവില്ല. എന്നാൽ, കണ്ടുകൂടായ്മ നിലനിൽക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത് പ്രകാരംനോക്കിയാൽ തൊട്ടുകൂടായ്മ ക്രിമിനൽകുറ്റമാണ്. അതിനേക്കാൾ ഗുരുതരമാണ് കണ്ടുകൂടായ്മ. എപ്പോഴാണ് കേരളത്തിൽ ഇരുമുന്നണികൾക്കും ഈ കണ്ടുകൂടായ്മ തുടങ്ങിയത്.
77ൽ കെ.ജി.മാരാർ തിരഞ്ഞെടുപ്പിൽ സ്വയം സേവകനായി മത്സരിച്ചപ്പോൾ ഈ കണ്ടുകൂടായ്മ ഉണ്ടായിരുന്നോ. ജനങ്ങളുടെ രാഷ്ട്രീയമാണ് ഞാൻ പറയുന്നത്. ഇപ്പോൾ കാണാൻ പാടില്ലെന്ന് പറയുന്നവരിൽ തന്നെക്കാണാത്തവരായിട്ട് ആരുമില്ല. ഗവർണർ ആയിരിക്കുമ്പോഴത്തെ കാര്യമല്ല. പ്രതിപക്ഷനേതാവിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവരിലുമുണ്ട് ഈ തൊട്ടുകൂടാത്തവരും കണ്ടുകൂടാത്തവരും. പക്ഷേ, പ്രതിപക്ഷനേതാവ് ഓർക്കേണ്ടൊരു കാര്യമുണ്ട്, ഇവർക്കൊന്നും തീരെ തൊട്ടുകൂടാത്തവനായ ഗോൾവാൾക്കർ മരിച്ചപ്പോൾ പാർലമെന്റിൽ ഇന്ദിരാഗാന്ധി അനുശോചനപ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം തൊട്ടുകൂടായ്മയും കണ്ടുകൂടായ്മയും കേരളത്തിൽ മാത്രമാണ് നടക്കുന്നത്.
'ചിലരെ കാണുന്നത്
രണ്ടാംതരം പൗരന്മാരായി'
ചിലരെ രണ്ടാംതരം പൗരന്മാരായാണ് കേരളത്തിൽ കാണുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിൽ വ്യത്യസ്തമായ ആശയങ്ങൾ, വ്യത്യസ്തമായ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവ വൈരുദ്ധ്യമല്ല, വൈവിദ്ധ്യമാണ്. 'തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ' എന്ന് കുമാരനാശാൻ പാടിയതുപോലെയാണ് ഇന്നത്തെ കേരളത്തിലെ അവസ്ഥ. രണ്ട് രാഷ്ട്രീയ മുന്നണികൾക്കും കപടമുഖമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും ആരെയാണ് കബളിപ്പിക്കുന്നത്.