@ 11കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്
രാമനാട്ടുകര: ഓണാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങളിൽ നടത്തിയ അഭ്യാസ പ്രകടനത്തിന് ഫാറൂഖ് കോളേജിലെ 11 വിദ്യാർത്ഥികളുടെ പേരിൽ ഫറോക്ക് പൊലീസ് കേസെടുത്തു.ഗതാഗത തടസം സൃഷ്ടിച്ച് കാറുകളുടെ ബോണറ്റിലും ഡോറിനു പുറത്തേക്കും ഇരുന്ന് അപകടകരമാം വിധം യാത്ര ചെയ്ത എട്ടോളം ആഡംബര കാറുകളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം അഞ്ച് വാഹനങ്ങൾക്കെതിരെ കേസെടുത്ത മോട്ടോർ വാഹന വകുപ്പ്, 47500 രൂപ പിഴ ചുമത്തിയിരുന്നു .
വാഹനത്തിന് മുകളിലിരുന്നും ഡോറിൽ കയറിയിരുന്നുമെല്ലാം വിദ്യാർത്ഥികൾ നടത്തിയ അഭ്യാസ പ്രകടനങ്ങളാണ് കേസിലിലേക്ക് നയിച്ചത്. 15 ഓളം വാഹനങ്ങളിലായി വിദ്യാർത്ഥിനികളും അഭ്യാസങ്ങളിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മറ്റു വാഹനങ്ങളുടെ ഉടമകളേയും വിദ്യാർത്ഥികളേയും വിളിച്ചു വരുത്തി തുടർനടപടികൾ എടുക്കുമെന്ന് രാമനാട്ടുകര ജോയന്റ് ആർ ടി ഒ. സക്കറിയ അറിയിച്ചു .
ബുധനാഴ്ചയായിരുന്നു ഫാറൂഖ് കോളേജിൽ ഓണാഘോഷം . ചില വിദ്യാർത്ഥികൾ വിന്റേജ് വാഹനങ്ങളും വില കൂടിയ വാഹനങ്ങളും കൊണ്ടുവരുകയും കോളേജിന് മുമ്പിൽ റോഡ് ഷോ നടത്തുകയുമായിരുന്നു. ഇത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചത് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി നടപടിയെടുത്തത്.