കോഴിക്കോട്: കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ.....ഓണക്കോടിയും സദ്യവട്ടത്തിനുള്ള വിഭവങ്ങളും വാങ്ങി ഓണം കളറാക്കാൻ തീരുമാനിച്ചതോടെ ഉത്രാടപ്പാച്ചിലിൽ ഗ്രാമ-നഗര വീഥികൾ ജനസമുദ്രമായി. കോഴിക്കോട് നഗരത്തിൽ മിഠായിത്തെരുവും മാനാഞ്ചിറയും വലിയങ്ങാടിയും പാളയവും ബീച്ചുമെല്ലാം തിങ്ങി നിറഞ്ഞു. രാവിലെ ആരംഭിച്ച തിരക്ക് രാത്രിയിലും തുടർന്നു. വില കുറയുമെന്ന പ്രതീക്ഷയിൽ പൂ വിൽപ്പന കേന്ദ്രങ്ങളിലേക്ക് രാത്രിയിലാണ് ആളുകൾ കൂട്ടമായി എത്തിയത്. നഗരത്തിലെ വസ്ത്രാലയങ്ങളിൽ നിന്നുതിരിയാൻ ഇടമില്ലാത്ത തിരക്കായിരുന്നു. ഗൃഹോപകരണ ഷോപ്പുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. പലവ്യഞ്ജന കടകളിലും പച്ചക്കറി കടകളിലും ഓണ വിഭവങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാനായി ആളുകൾ തിക്കിത്തിരക്കി. ഓണക്കച്ചവടം ലക്ഷ്യമിട്ട് പല കടകളും ഇന്നലെ രാത്രി കൂടുതൽ സമയം പ്രവർത്തിച്ചു. വഴിയോര കച്ചവടങ്ങളും ഉഷാറായി. മഴ മാറി മാനം തെളിഞ്ഞത് കച്ചവക്കാർക്കും സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കും അനുഗ്രഹമായി. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരുടെ വഴിയോരക്കച്ചവടവും പൊടിപൊടിച്ചു. തുണിത്തരങ്ങൾ,വീട്ടുസാമഗ്രികൾ എന്നിവയെല്ലാം വിലക്കുറവിൽ വിറ്റഴിഞ്ഞു. പാളയത്തും പച്ചക്കറികൾ വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു.
ആഘോഷത്തിലലിഞ്ഞ്
വയനാട് ദുരന്ത പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും സാംസ്‌കാരിക സംഘടനകളും ക്ലബുകളും വിവിധ റസിഡൻസ് അസോസിയേഷനുകളും ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ തരത്തിലുള്ള കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.
മിഠായിത്തെരുവിൽ തിങ്ങി നിറഞ്ഞ്
കോഴിക്കോടിന്റെ പ്രധാന വസ്ത്രവ്യാപാര കേന്ദ്രമായ മിഠായിത്തെരുവിൽ ആളുകൾ തിങ്ങി നിറഞ്ഞു. റോഡിൽ നിന്നുതിരിയാൻ ഇടമില്ലാത്ത സ്ഥിതിയായിരുന്നു. പലയിടത്തും റോഡിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു. വസ്‌ത്രങ്ങൾക്ക് പുറമെ ഗൃഹോപകരണങ്ങൾ,വാഹനങ്ങൾ,മൊബൈൽ ഫോൺ,ചെരിപ്പുകൾ തുടങ്ങി എല്ലാത്തിനും ആകർഷകമായ ഓണം ഓഫറുകൾ ഒരുക്കിയാണ് വ്യാപാരികൾ വിപണിയെ ഉഷാറാക്കിയത്. നഗരത്തിലെ മാളുകളിലും വിവിധ മുൻനിര ഷോപ്പുകളിലും വൻ തിരക്കായിരുന്നു.
റീൽസോണം
പൂക്കളും സദ്യയും ഓണക്കോടിയുമായി സമൂഹമാദ്ധ്യമങ്ങളിലും ഓണാഘോഷം തകൃതി. പുതുതലമുറയുടെ ഓണം ‘കളറാകു’ന്നത് തകർപ്പൻ ഓണം റീലുകളിലൂടെയായതിനാൽ പലരുംറീൽസെടുത്ത് ഓണം ഉഷാറാക്കുന്ന തിരക്കിലായിരുന്നു. ചിലർ ഓണ നാളിൽ റീൽസെടുക്കാനുള്ള ഡാൻസ് പ്രാക്ടീസിലും. വീഡിയോഗ്രാഫർമാരും സ്റ്റുഡിയോകളുമൊക്കെ റീൽ നിർമാണങ്ങളുടെ തിരക്കിൽത്തന്നെ. 30 സെക്കന്റ് മുതൽ ഒരു മിനിറ്റ് വരെയുള്ള ചെറു വീഡിയോകളാണ് ഓണം റീലുകൾ. കൂട്ടുകാർക്കൊപ്പവും, വീട്ടുകാർക്കൊപ്പവും ചേർന്നുള്ള ചെറു വീഡിയോകളും ട്രെൻഡിലുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഇടുന്നതിന് ഓണപ്പാട്ടും ചേർത്ത് റീൽസുണ്ടാക്കുന്നത് വ്യാപകമാണ്.
ഉത്രാടപാച്ചിലിൽ
കുരുങ്ങി യാത്ര
കോഴിക്കോട്: ഉത്രാടപാച്ചിലിൽ കുരുങ്ങി നാടും നഗരവും. വഴിയോരക്കച്ചവടം പൊടിപൊടിച്ചതോടെ പാളയം, മാനാഞ്ചിറ, മിഠായിത്തെരുവ്, മാവൂർ റോഡ്, സ്റ്റേഡിയം ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്കും രൂക്ഷമായി.
പാർക്കിംഗ് സൗകര്യത്തിന്റെ അഭാവം ആളുകളെ നന്നേ വലച്ചു. പാർക്കിംഗ് പ്ലാസക്കായിമിഠായിത്തെരുവിലെ ബിൽഡിംഗ് പൊളിച്ച സ്ഥലത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്.
ഇവിടെ വാഹനങ്ങൾ എടുക്കാനും വയ്ക്കാനും വരുന്നവരും ഗതാഗതക്കുരുക്കുണ്ടാക്കി. പൂക്കളും മറ്റു സാധനങ്ങളും വാങ്ങാൻ വരുന്നവരുടെ തിരക്കായിരുന്നു അധികവും. നഗരത്തിൽ രാവിലെ മുതലേ ഗതാഗതം പതുക്കെയായിരുന്നു. ചിലനേരങ്ങളിൽ മുതലക്കുളം മുതൽ പാളയം വരെ കുരുക്ക് നീണ്ടു.