
പേരാമ്പ്ര: തിരുവോണ നാളിൽ പെരുവണ്ണാമൂഴി വനമേഖലയിൽ നിന്ന് നാട്ടിലിറങ്ങിയ കാട്ടാന ഭീതി പരത്തി. ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് വനമേഖലയിൽ നിന്ന് ആന നാട്ടിലിറങ്ങിയത്. പെരുവണ്ണാമൂഴി വനത്തോട് ചേർന്നുള്ള പട്ടാണിപ്പാറ ഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. കിഴക്കൻ പേരാമ്പ്ര, പൈതോത്ത്, പള്ളിത്താഴ വഴി പേരാമ്പ്ര ബൈപ്പാസിനോട് ചേർന്ന കുന്നിന് മുകളിലെത്തിയ ആന ഏറെ നേരം അവിടെ തമ്പടിച്ചു. ഉടൻ പൊലീസും വനപാലകരും നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി. ഉച്ചക്ക് 12.30ഓടെ ആന കുന്നിറങ്ങി. പള്ളിത്താഴത്ത് നിന്ന് പള്ളിയാറക്കണ്ടി ഭാഗത്തേക്ക് നീങ്ങി. പെരുവണ്ണാമൂഴിയിൽ നിന്നെത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്ന് രാവിലെ മുതൽ കാട്ടാനയെ തുരത്താനുള്ള ശ്രമം നടത്തിയിരുന്നു. ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ആനയ്ക്ക് തടസങ്ങൾ ഇല്ലാതെ മടങ്ങാൻ വനംവകുപ്പ് വഴിയൊരുക്കി. പട്ടാണിപ്പാറ ഭാഗത്തേക്ക് നീങ്ങിയ ആന വൈകിട്ട് 3.15ഓടെ പിണ്ഡപ്പാറപ്പുഴ കടന്ന് കാട്ടിലേക്ക് പോയി. അതിനിടെ വള്ളിപ്പറ്റ പട്ടാണിപ്പാറ ഭാഗത്തും കാട്ടാന ശല്യം രൂക്ഷമായതായി പരാതിയുണ്ട്. വള്ളിപ്പറ്റ സുധാകരൻ നായർ, സരോജിനി, കവളിമാക്കൽ നോബിൾ എന്നിവരുടെ വാഴക്കൃഷി കഴിഞ്ഞ ദിവസം നശിപ്പിച്ചു. കൂവ്വപ്പൊയിൽ ഭാഗത്തുനിന്ന് ഇറങ്ങുന്ന ആന മാസങ്ങളായി പ്രദേശത്ത് നാശനഷ്ടങ്ങൾ വരുത്തുന്നതായും ആനശല്യം നിയന്ത്രിക്കാൻ ഇലക്ടിക് വേലികൾ സ്ഥാപിക്കണമെന്നും ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഫോട്ടോ: വനത്തിലേക്ക് പോകുന്ന കാട്ടാന 2. അധികൃതരും നാട്ടുകാരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുന്നു