
കോഴിക്കോട്: മൂന്നാം ഓണദിവസമായ ഇന്നലെ ഓണസദ്യയും പൂക്കളമിടലും കഴിഞ്ഞ് ആളുകൾ ബന്ധുവീടുകൾ സന്ദർശിക്കാനും ആഘോഷിക്കാനും കൂട്ടത്തോടെ എത്തിയതോടെ നഗരം തിരക്കിലമർന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനവും കൂടിയായതിനാൽ ബീച്ച് ഉൾപ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വൻതിരക്ക് അനുഭവപ്പെട്ടു. വെയിലായതിനാൽ പലരും ഉച്ചയ്ക്ക് ശേഷമാണ് നഗരത്തിലെത്തിയത്. രാത്രി വരെ തിരക്ക് നീണ്ടു. ആളുകൾ കൂട്ടമായി എത്തിയതോടെ നഗരം ഗതാഗതക്കുരുക്കിലായി. ഏറെ പണിപ്പെട്ടാണ് പൊലീസ് കുരുക്കഴിച്ചത്. പൊലീസ്, വനിതാ പൊലീസ്, പിങ്ക് പൊലീസ്, മഫ്‌ത്തി പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.
പ്രധാനവിനോദ കേന്ദ്രങ്ങളായ ബീച്ച്, മിഠായിത്തെരുവ്, മാനാഞ്ചിറ, സരോവരം, കാപ്പാട്, വടകര സാന്റ്ബാങ്ക്സ്, കക്കയം, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്കാണ് ജനം ഇരച്ചെത്തിയത്. വൈകിട്ട് ബീച്ചും പരിസരവും ജനസാഗരമായി മാറി. രണ്ട് ദിവസമായി നഗരത്തിലെ തിയേറ്ററുകളും ഹൗസ് ഫുള്ളായിരുന്നു.
ആഘോഷമായി നബിദിനവും
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ. മദ്രസകളിലും പള്ളികളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികൾ നടന്നു. വൈകിട്ട് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പള്ളികളിൽ മൗലിദ് പാരായണവും അന്നദാനവുമുണ്ടായിരുന്നു. റബീഉൽ അവ്വൽ ഒന്നുമുതൽ പള്ളികളിൽ വിപുലമായ മൗലിദ് സദസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിച്ചത്.