
കോഴിക്കോട്: കാലിക്കറ്റ് ബാർ അസോസിയേഷൻ ഓണാഘോഷം കവി രഘുനാഥൻ കൊളത്തൂർ ഉദ്ഘാടനം ചെയ്തു. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങി പലവിധ ദുരന്തങ്ങൾ വേട്ടയാടുമ്പോഴും അതിനെയെല്ലാം നാം മറികടക്കുന്നത് ഓണം പോലുള്ള ആഘോഷങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. 'ഒന്നിച്ചുണ്ണാം" എന്ന സന്ദേശവുമായി കാലിക്കറ്റ് ബാർ അസോസിയേഷൻ ഓണമാഘോഷിക്കുമ്പോൾ എല്ലാ മലയാളികൾക്കും ഈ നന്മയുടെ സന്ദേശം ഹൃദയത്തിലേറ്റുവാങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.ജെ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകാന്ത് സോമൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.രാജേഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും ന്യായാധിപരും അഭിഭാഷകരും തമ്മിലുള്ള വടംവലി മത്സരവും മലയാളി മങ്കമത്സരവും ഗാനമേളയും നടന്നു.