s

കോഴിക്കോട്: രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരില്ലാതെ വലയുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ അടുത്ത പ്രതിസന്ധി. പി.ജി കഴിഞ്ഞ് നിർബന്ധിത മെഡിക്കൽ സേവനം നടത്തുന്ന സീനിയർ റെസിഡന്റ് ഡോക്ടർമാർ കാലാവധി പൂർത്തിയാക്കി ഇന്നലെ ഇറങ്ങിയതാണ് ജനത്തിന് വെല്ലുവിളിയായിരിക്കുന്നത്. ആറു മാസം കഴിഞ്ഞേ പുതിയ ബാച്ച് വരുള്ളൂ. ബദൽ സംവിധാനം ഒരുക്കിയിട്ടില്ലെന്നത് കാഷ്വാലിറ്റി മുതൽ സർജറി ഡിപ്പാർട്ട്മെന്റുകളെ വരെ പ്രതികൂലമായി ബാധിക്കും.

ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ സീനിയർ റെസിഡന്റുമാർ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓർത്തോ അടക്കമുള്ള വിഭാഗങ്ങളിൽ ശസ്ത്രിക്രിയ ഉൾപ്പെടെ എസ്.ആർ ഡോക്ടർമാർ നടത്തുന്നുണ്ട്. കൂട്ടത്തോടെയുള്ള ഇവരുടെ പടിയിറക്കം ആശുപത്രി പ്രവർത്തനത്തിന്റെ താളം തെറ്റിക്കുമെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നു. നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരവും ഇരട്ടിയാകും. ശസ്ത്രക്രിയകൾ അനന്തമായി നീളാനും ഇത് കാരണമാകും.

നിലവിൽ ഓർത്തോ, ഗ്യാസ്‌ട്രോ വിഭാഗത്തിലെ ശസ്ത്രക്രിയകൾക്ക് മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതായി രോഗികൾ പറയുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള സാധാരണക്കാരെ ഇത് വൻ പ്രതിസന്ധിയിലാക്കും. കോഴിക്കോട് അടക്കമുള്ള പല മെഡിക്കൽ കോളേജുകളിലും അത്യാഹിത വിഭാഗം കൈകാര്യം ചെയ്യുന്നത് സീനിയർ റെസിഡന്റുമാരാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും ഇക്കാര്യങ്ങൾ അറിയാമെങ്കിലും നിലവിലുള്ളവരുടെ എസ്.ആർ ഷിപ്പ് നീട്ടാനോ ബദൽ സംവിധാനമൊരുക്കാനോ നടപടികൾ സ്വീകരിച്ചിട്ടില്ല.

ഉള്ളതും വെട്ടിക്കുറച്ചു

മെഡിക്കൽ കോളേജിൽ വരാനിരിക്കുന്ന പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കി ഡി.എം.ഇക്ക് നേരത്തെ കത്ത് അയച്ചിരുന്നു. എസ്.ആർ ആയി തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്കു പോലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. 132 സീനിയർ റെസിഡന്റ് പോസ്റ്റുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് അനുവദിച്ചിട്ടുള്ളത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഇതിന്റെ മൂന്നിലൊന്ന് തസ്തികകളേ അനുവദിക്കുന്നുള്ളൂ. വരും ദിവസങ്ങളിൽ ഇതും നിലക്കും.

പുതിയ ബാച്ച് വൈകും

ജൂനിയർ റെസിഡന്റ് പരീക്ഷ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത ബാച്ച് വരുള്ളൂ. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഫൈനൽ പരീക്ഷ നടത്തുന്നത്. ഫലം പ്രഖ്യാപിച്ച് നിയമിക്കുമ്പോഴേക്കും ഫെബ്രുവരി പകുതി കഴിയും. ഇതുവരെ ഈ പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്.