
പതിനാല് വർഷത്തിനിടെ ആറ് അരുംകൊലകൾ. കൊല നടത്തിയ രീതി ഒരുപോലെ. എല്ലാം ഭക്ഷണത്തിൽ വിഷം കലർത്തി. അതും, കൊടും സയനൈഡ്! കൊല ചെയ്തത് ഭർത്താവിനെയും രണ്ടുവയസ്സു മാത്രമുള്ള ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ കുടുംബാംഗങ്ങളെയും. ജോളി ജോസഫ് എന്ന സീരിയൽ കില്ലറുടെ കഥ സിനിമയേയും വെല്ലും. ഒടുവിൽ കൂടത്തായി കൊലക്കേസ് 'കറി ആൻഡ് സയനൈഡ്" എന്ന പേരിൽ ഡോക്യുമെന്ററിയുമായി. ജോളി ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ്. കൊലക്കേസുകളിൽ പൊലീസിന് ഒരു പാഠപുസ്തകം! അഭിഭാഷകർക്ക് ഉത്തരമില്ലാത്ത വെല്ലുവിളി. സാക്ഷികൾക്കും ദൃക്സാക്ഷികൾക്കും അന്വേഷണ സംഘത്തിനും മുമ്പിൽ ഇനിയും വർഷങ്ങളുടെ കടമ്പ.
ദുരൂഹതകളുടെ
കൂടത്തായി
കോഴിക്കോട്ടു നിന്ന് 32 കിലോമീറ്റർ അകലെയാണ് കൂടത്തായി ഗ്രാമം. കോഴിക്കോടു നിന്ന് പുറപ്പെട്ടാൽ കൊടുവള്ളി ഓമശ്ശേരി വഴി കൂടത്തായിയിൽ എത്തും. അവിടെനിന്ന് ഒരു ചെറുറോഡ് മുകളിലേക്ക് ഇഴഞ്ഞുകയറുന്നു. വലതുഭാഗത്ത് 'ടോം തോമസ് പൊന്നാമറ്റം" എന്നെഴുതിയ ഇരുനില വീട്. മൂന്നുപേരെയാണ് ജോളി ഇവിടെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലചെയ്തത്. ബാക്കി മൂന്നുപേരെ മറ്റു രണ്ട് ബന്ധുവീടുകളിലായും വകവരുത്തി. സ്വാധീനമുപയോഗിച്ച് പോസ്റ്റ്മോർട്ടം പോലും നടത്താതെ സംസ്കാരങ്ങൾ.
വർഷം പതിന്നാല്,
ആറ് കൊല
2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് എന്ന യുവതി നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ് കൂടത്തായി കൂട്ടക്കൊല. 14 വർഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായിൽ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകം നടന്നു. പ്രതി കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണെന്ന് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എൻ.ഐ.ടി. പ്രൊഫസറായി വേഷം കെട്ടിയതും ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു. 2019 ഒക്ടോബർ അഞ്ചിന് മുഖ്യപ്രതി ജോളി അറസ്റ്റിലായി.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58), മകൻ റോയ് തോമസ് (40, ജോളിയുടെ ഭർത്താവ്), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68, ജോളിയെ ആദ്യം സംശയിച്ച ആൾ), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (രണ്ട്), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരാണ് കൊല്ലപ്പെട്ടത്.
മാറാട് സ്പെഷ്യൽ കോടതിയിലാണ് കൂടത്തായി കേസിന്റെ നടപടിക്രമങ്ങൾ. ജോളിയുടെ ഭർത്താവ് റോയി തോമസിന്റെ കേസാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഇനിയും അഞ്ച് കേസുകൾ. ജോളിക്കു വേണ്ടി ഹാജരാവുന്നത് പ്രമുഖ അഭിഭാഷകൻ ബി.എ. ആളൂർ. പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ. പ്രോസിക്യൂഷൻ 122 സാക്ഷികളെ വിസ്തരിച്ചുകഴിഞ്ഞു. ഇനി ആളൂരിന്റെ ക്രോസിംഗ്.
ഭർതൃമാതാവ്
ആദ്യ ഇര
ജോളി നടത്തിയ ആദ്യ കൊലപാതകം 2002 ആഗസ്റ്റ് 22നാണ് . ജോളിയുടെ ഭർത്താവിന്റെ അമ്മ, റിട്ട. അധ്യാപികയായ അന്നമ്മ തോമസ് (57) ആണ് അന്നു കൊല്ലപ്പെട്ടത്. ആട്ടിൻസൂപ്പ് കഴിച്ച ശേഷം ഛർദ്ദിക്കുകയും തളർന്നു വീഴുകയുമായിരുന്നു. സ്വാഭാവികമെന്ന് വിധിയെഴുതിയ മരണം. രണ്ടാമത്തെ കൊലയിലേക്ക് ജോളിയെത്താൻ ആറുവർഷമെടുത്തു. ഭർത്താവിന്റെ അച്ഛൻ റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ ടോം തോമസ് പൊന്നാമറ്റം. അതും ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയേറ്റ്. പിന്നീട് മൂന്നു വർഷം കഴിഞ്ഞാണ് ഭർത്താവ് റോയിയുടെ മരണം- 2011 സെപ്തംബർ 30. റോയിയെ കൊലപ്പെടുത്തിയതും ഭക്ഷണത്തിൽ വിഷം കലർത്തി തന്നെ.
പിന്നീട് മൂന്നുവർഷം കഴിഞ്ഞാണ്, ഈ മൂന്നു മരണത്തിലും സംശയം പ്രകടിപ്പിച്ച അന്നമ്മ തോമസിന്റെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിലിന്റെ മരണം. 2014 ഫെബ്രുവരി 24ന്. അപ്പോഴും ജോളി വിജയിയായി നടന്നു. 2014 മേയ് മൂന്ന് ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ കൊച്ചുമകളും, ജോളി പിന്നീട് വിവാഹം ചെയ്ത ഷാജുവിന്റെ മകളുമായ രണ്ടുവയസുകാരി ആൽഫൈൻ ഷാജു മരിക്കുന്നു. 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യയും മരിച്ച ആൽഫൈന്റെ മാതാവുമായ സിലി ഷാജു (44) മരിക്കുന്നു. എല്ലാ മരണവും ഒരുപോലെ ഭക്ഷണത്തിലൂടെയുള്ള വിഷബാധ കാരണം!
ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് 2019 ജൂലൈയിലാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്. തുടർന്നു നടന്ന അന്വേഷണങ്ങളാണ് നടുക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിച്ചത്. ആറുപേരുടെയും കല്ലറകൾ തുറന്ന് പോസ്റ്റ്മോർട്ടം നടത്തി. എല്ലാം സമാനമായ കൊല. ഒടുക്കം ജോളിയുടെ അറസ്റ്റും.
കൊലയുടെ
ലക്ഷ്യം
കേവലം സ്വത്തിനു വേണ്ടിയായിരുന്നോ ജോളിയുടെ വേഷംമാറലും, ഭർത്താവ് ഉൾപ്പെടെ ആറുപേരുടെ അരുംകൊലകളും? അതോ, ഭർത്താവിന്റെ ബന്ധുവിനെ ജീവിതപങ്കാളിയാക്കാനോ? പിതാവിന്റെ സഹോദര പുത്രൻ ഷാജുവിനെയാണ് കൊലകളുടെ പര്യവസാനത്തിൽ ജോളി വിവാഹം ചെയ്തത്. അതിനിടെ ഷാജുവിന്റെ ഭാര്യയേയും മകളേയും ഇല്ലാതാക്കി. ഷാജുവിനൊപ്പം താമസിക്കുന്നതിനിടെയാണ് റോയിയുടെ സഹോദരൻ റോജോ തോമസ് ജോളിക്കെതിരെ പരാതി നൽകുന്നത്.
ഒടുവിൽ, ആഗ്രഹിച്ച സമ്പത്തും ജീവിതവുമെല്ലാം അന്യമായി, മോചനത്തെക്കുറിച്ച് പ്രതീക്ഷിക്കാൻ പോലുമാകാതെ ജോളി അഴികൾക്കുള്ളിലായി. റോജോ തോമസിന്റെ പരാതിക്കു പിറകെ സഞ്ചരിച്ചപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞതെന്ന് അന്വേഷണത്തിന് അന്ന് മേൽനോട്ടം വഹിച്ച വടകര റൂറൽ എസ്.പി കെ.ജി. സൈമൺ പറഞ്ഞു. ഇദ്ദേഹം പിന്നീട് സർവീസിൽ നിന്നു വിരമിച്ചു. സമ്പത്തായിരുന്നു ജോളിയുടെ പ്രധാന ലക്ഷ്യം. എൻ.ഐ.ടി പ്രൊഫസറായി വേഷംകെട്ടി സമൂഹത്തിനു മുന്നിൽ അന്തസ്സും ആർഭാടവുമായി ജീവിക്കുക. ഒപ്പം, തനിക്കു പ്രിയപ്പെട്ട ഷാജുവിനെ സ്വന്തമാക്കുക. അത്തരമൊരു 'മോട്ടീവാ"ണ് ഇത്തരമൊരു അരുകൊലയിലേക്ക് അവരെ നയിച്ചതെന്നാണ് നിഗമനമെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സൈമൺ പറയുന്നു. എന്തായാലും കൂടത്തായി ഇന്നും ഒരു ഞെട്ടൽ അവശേഷിപ്പിക്കുന്നു.