സുൽത്താൻ ബത്തേരി: ഗുണ്ടൽപേട്ടിൽ വെച്ച് ടോറസ് ലോറിയിടിച്ച് മരണപ്പെട്ട ധനേഷിനും കുടുംബത്തിനും നാട് ഒന്നടങ്കം അന്ത്യാജ്ഞലി അർപ്പിച്ചു. ഓണം കുടുംബ സമേതം ആഘോഷിക്കുന്നതിനായി ജോലി സ്ഥലത്ത് നിന്ന് നാട്ടിലെത്തിയ ധനേഷ് ഭാര്യ അഞ്ജുവിനെയു മകൻ ഇഷാൻ കൃഷ്ണയുമൊത്ത് ഗുണ്ടൽപേട്ടിൽ പോയി പൂ പാടം കണ്ട് തിരികെ വരുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഗുണ്ടൽപേട്ടിൽ വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ മൂന്ന് പേരും മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മൂന്ന് പേരുടെയും ജീവസറ്റ ശരീരങ്ങൾ അഞ്ജുവിന്റെ പൂതാടിയിലെ വീട്ടിലേക്കാണ് കൊണ്ടുവന്നത്. ധനേഷിന് എറണാകുളത്ത് ജോലിയായതിനാൽ അഞ്ജുവും മകനും ഇവിടെയായിരുന്നു നിന്നിരുന്നത്. അപകട വിവരമറിഞ്ഞ സമയം മുതൽ പൂതാടിയിലെ തോണിക്കുഴി വീട്ടിലേയ്ക്ക് ആളുകളുടെ പ്രവാഹമായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ മൂന്ന് പേരുടെയും മൃതദേഹം വീട്ടിലെത്തിയപ്പോഴേക്കും നൂറ് കണക്കിനാളുകളാണ് എത്തിയത്. അവധികാലമായിരുന്നിട്ട് പോലും ഇഷാൻ കൃഷ്ണ പഠിക്കുന്ന കേണിച്ചിറ ഇൻഫന്റ് ജീസസ് സ്‌കൂളിലെ അദ്ധ്യാപകരും കുട്ടികളും ഇഷാനെ കാണുന്നതിനായി എത്തിയിരുന്നു.
കാലത്ത് എട്ടേകാലോടുകൂടി പൂതാടിയിൽ നിന്ന് മൂന്ന് പേരുടെയും മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് ധനേഷിന്റെ വീടായ അമ്പുകുത്തി ഗോവിന്ദ മൂലയിലെ മഞ്ഞാടി പാഴൂർ വീട്ടിലെത്തി. മകനും മകന്റെ ഭാര്യയും കുഞ്ഞും മരിച്ച വിവരം ധനേഷിന്റെ മാതാപിതാക്കളായ മോഹനനെയും വിലാസിനിയേയും അറിയിച്ചിരുന്നില്ല. ബന്ധുക്കളും സമീപവാസികളുമെല്ലാം എത്താൻ തുടങ്ങിയപ്പോഴാണ് വിവരം അറിഞ്ഞത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി മൂന്ന് ആംബുലൻസുകൾ വീട്ടിലേയ്ക്ക് എത്തിയതോടെ പാഴൂർ വീട്ടിൽ നിന്ന് കൂട്ടനിലവിളി ഉയർന്നു. മതാപിതാക്കളുടെ ഹൃദയം പൊട്ടിയുടെ കരച്ചിൽ അവിടെ എത്തിയവരെയും കണ്ണീരിലാഴ്ത്തി. മൂന്ന് പേരുടെയും മൃതദേഹം രാവിലെ ഒമ്പത് മണിയോടെയാണ് പാഴൂർ വീട്ടിലെത്തിയത്. ഇവിടെ നൂറ് കണക്കിനാളുകളാണ് അന്തിമോപചാരമർപ്പിക്കാനായി തടിച്ചു കൂടിയിരുന്നു. അഞ്ജുവിന്റെ വീട് സ്ഥിതി ചെയ്യുന്ന പൂതാടിയിൽ നിന്നുള്ളവരും അഞ്ജുവിന്റെ മാതാപിതാക്കളായ സത്യനും ബിന്ദുവും ബന്ധുക്കളുംമെല്ലാം പാഴൂർ വീട്ടിലേയ്ക്ക് എത്തിയിരുന്നു. മൂന്ന് പേരുടെയും അകാല മരണം നാടിനെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി. ധനേഷിനെയും ഭാര്യ അഞ്ജുവിനെയും മകൻ ഇഷാൻ കൃഷ്ണയേയും അവസാനമായി ഒരുനോക്ക് കാണുന്നതിനായി എത്തിയ പലരും ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് മൂന്ന് പേരുടെയും ചിതാഗ്നി ഒരുക്കിയത്. വീടിന് സമീപത്തുതന്നെയായിരുന്നു സംസ്കാരവും. ധനേഷിന്റെ സഹോദരൻ ദിലീഷിന്റെ പത്ത് വയസുകാരൻ മകൻ ദയാൽ കൃഷ്ണയും പിതൃസഹോദരന്റെ മകൻ അരുണും ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മൂന്ന് പേർക്കും അടുത്തടുത്തായാണ് ചിതയൊരുക്കിയത്. ധനേഷിന്റെയും അഞ്ജുവിന്റെയും നടുവിലായിട്ടായിരുന്നു മകന് ചിതയൊരുക്കിയത്.
അഞ്ജുവിന്റെ അമ്മ ബിന്ദുവിന് അന്ത്യചുംബനം നൽകുന്നു
ധനേഷിന്റെ വീടായ അമ്പുകുത്തി ഗോവിന്ദ മൂലയിലെത്തിയ നാട്ടുകാർ