s

പേരാമ്പ്ര: കിഴക്കൻ മലയോര മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ശല്യത്തിൽ പൊറുതിമുട്ടി ജനം. ഏറ്റവും ഒടുവിൽ പട്ടാണിപ്പാറ ഭാഗത്താണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത്. വള്ളിപ്പറ്റ സുധാകരൻ നായർ, സരോജിനി, കവളി മാക്കൽ നോബിൾ എന്നിവരുടെ വാഴക്കൃഷി നശിപ്പിച്ചു.

കൂവ്വപ്പൊയിൽ ഭാഗത്തു നിന്നെത്തുന്ന ആന മാസങ്ങളായി മേഖലയിൽ നാശനഷ്ടങ്ങൾ വരുത്തുന്നതായി കർഷകർ പറയുന്നു. മൂന്നു ദിവസമായി നിരവധിയിടങ്ങളിൽ കൃഷി നശിപ്പിച്ചു. പെരുവണ്ണാമൂഴി വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാന 10 കിലോമീറ്റർ അകലെയുള്ള പൈതോത്ത് ഭാഗത്തെത്തിയത് ഭീതി പരത്തിയിരുന്നു. കൂട്ടം തെറ്റിയെത്തിയ മോഴ ആനയെ അധികൃതരും നാട്ടുകാരും ചേർന്നാണ് കാട്ടിലേക്ക് തുരത്തിയത്.

മറ്റ് മൃഗങ്ങളും സജീവം

പെരുവണ്ണാമൂഴി വനമേഖലയോട് ചേർന്ന ചെമ്പനോട, കാട്ടിക്കുളം, കൈതക്കൊല്ലി, പന്നിക്കോട്ടൂർ, കക്കയം മേഖലകളിലും കാട്ടാനശല്യം രൂക്ഷമാണ്. കുലക്കാറായ വാഴകളും തെങ്ങിൻത്തൈകൾ, കമുകിൻത്തൈകൾ എന്നിവയുമാണ് ഏറെയും നശിപ്പിക്കപ്പെടുന്നത്. മേഖലയിൽ കാട്ടുപന്നി ശല്യവും കാട്ടുകുരങ്ങ് എന്നിവയുടെയും ശല്യവും രൂക്ഷമാവുകയാണ്.

കർഷകർക്ക് തീരാദുരിതം

പന്തിരിക്കര, കൂത്താളി, തണ്ടോറപ്പാറ, താനിക്കണ്ടി, കോക്കാട് പാലേരി, ചെറിയ കുമ്പളം തുടങ്ങിയ മേഖലകളിൽ നടുവിളയിനങ്ങൾ കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്. കപ്പ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ കൃഷിയിനങ്ങളാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. കൃഷിയിടങ്ങളിലേക്ക് വന്യ ജീവികൾ പ്രവേശിക്കുന്നത് തടയണമെന്നും വനഭൂമി സംരക്ഷിക്കാൻ ശക്തമായ നടപടിയെടുക്കണമെന്നുമാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.