സുൽത്താൻ ബത്തേരി: നെൽച്ചെടികൾക്ക് ഓല കരിച്ചിൽ രോഗം വ്യാപകമായതോടെ കർഷകർ പ്രതിസന്ധിയിലായി.
ചെടികൾ വളർന്ന് കതിരിടുന്നതിന് മുമ്പ് ഓല കരിഞ്ഞ് നശിക്കുന്നതും മരുന്നടിച്ചിട്ടും ഫലമില്ലാത്തതുമാണ് കർഷകരെ ദുരിതത്തിലാക്കിയത്. മൂന്ന് മാസം പ്രായമായ നെൽച്ചടികളിലാണ് വ്യാപകമായി കരിച്ചിൽ രോഗം കണ്ടുവരുന്നത്. നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട് മേഖലയിലെ വയലുകളിലാണ് രോഗം കൂടുതലായി കാണുന്നത്. വിത കൃഷിയിലും നാട്ടിയിലും ഒന്നു പോലെയാണ് രോഗ ബാധ കണ്ടു വരുന്നത്. നെൽച്ചടികളുടെ ഓലകളിൽ മഞ്ഞളിപ്പാണ് ആദ്യം കാണുന്നത്. പിന്നീട് ചീഞ്ഞും കരിഞ്ഞും നശിക്കുകയാണ്. വിളകളിൽ ഓലകരിച്ചിൽ കണ്ടതോടെ പല കർഷകരും മരുന്ന് തളിച്ചു. എന്നാൽ പൂർണമായും രോഗം അകറ്റാൻ സാധിച്ചിട്ടില്ല. മരുന്ന് തളിക്കാത്ത വയലുകളിൽ രോഗബാധ കൂടിയിട്ടുമുണ്ട്. വെയിലും മഴയും മാറി മാറിവരുന്ന കാലാവസ്ഥയാണ് ഇതിന് കാരണമന്നാണ് കർഷകർ പറയുന്നത്. വടക്കനാട് മേഖല വനഗ്രാമമായിതിനാൽ വന്യമൃഗശല്യവും രൂക്ഷമാണ്. ഇതിനെ പ്രതിരോധിച്ചാണ് കർഷകർ നെൽകൃഷിയടക്കം ചെയ്യുന്നത്. ഇതിനിടയിലാണ് രോഗബാധയും. ഈ സാഹചര്യത്തിൽ കൃഷിവകുപ്പ് ഇടപട്ട് മരുന്നുകളും വളവും സബ്സീഡി നിരക്കിൽ നൽകി കർഷകരെ സഹായിക്കണമെന്നാണ് ആവശ്യം.
ഓല കരിച്ചിലിന് വയലിൽ മരുന്ന് തളിക്കുന്ന കർഷകൻ