കോഴിക്കോട്: പിണറായി വിജയൻ നയിക്കുന്ന ഇടത് സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ചവിട്ടിമെതിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ. കേരള എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നൽകുകയോ പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുകയോ ചെയ്യാതെ അവരുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുകയാണ്. ജീവാനന്ദം പദ്ധതി ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കുന്ന പദ്ധതിയാണ്. ആശ്രിത നിയമനം അട്ടിമറിക്കാനുള്ള ഗൂഢനീക്കം നടത്തുന്നു. മെഡിസെപ്പ് പദ്ധതി പൂർണമായും താളംതെറ്റി, 22 ശതമാനം ഡി.എ കുടിശ്ശിക നൽകാതെ ജീവനക്കാരെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ അദ്ധ്യക്ഷനായി. കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ, എൻ.എസ്. യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും , സംഘടനാ ചർച്ച ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാനും ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനവും അനുമോദനവും മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി സ്വാഗതവും , വി.പി. രജീഷ് കുമാർ നന്ദിയും പറഞ്ഞു.