കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായധനം വിതരണം ചെയ്തുതുടങ്ങി. ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിഞ്ഞ 450 പേർക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 5,000 രൂപ വീതം വിതരണം ചെയ്തു. ഓരോരുത്തർക്കും 10,000 രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ചാലുടൻ വിതരണം ചെയ്യും. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് കുടുംബത്തിൽ പരമാവധി രണ്ടുപേർ എന്ന കണക്കിൽ ഒരാൾക്ക് ദിവസം 300 രൂപ വച്ച് ഒരു മാസത്തേക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ 37 കുടുംബങ്ങൾക്ക് (ഓരോ കുടുംബത്തിലും രണ്ടുപേർ) ദിവസം 600 രൂപ വച്ച്
6,66,000 രൂപയും കട നഷ്ടപ്പെട്ട മൂന്നുപേർക്ക് ദിവസം 300 രൂപ വച്ച് ഒരു മാസത്തേക്ക് 27,000 രൂപയും വിതരണം ചെയ്തു. ആകെ മൊത്തം 29,43,000 രൂപയാണ് വിതരണം ചെയ്തത്.