സുൽത്താൻ ബത്തേരി: മലപ്പുറം ജില്ലയിൽ വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരള അതിർത്തിയോട് ചേർന്ന തമിഴ്നാടിന്റെ ചെക്ക്‌പോസ്റ്റുകളിൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് പോകുന്ന യാത്രക്കാരെയാണ് പരിശോധിക്കുന്നത്. മലപ്പുറത്ത് നിന്ന് തമിഴ്നാട്ടിലേയ്ക്ക് കടക്കുന്ന നാടുകാണി, വയനാട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ള താളൂർ, പാട്ടവയൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നത്. ഇതിൽ മലപ്പുറവുമായി ബന്ധപ്പെട്ട് കിടക്കുന്ന നാടുകാണിയിലാണ് പരിശോധന കർശനമാക്കിയത്.
ഓണവും നബിദിനാഘോഷവും പ്രമാണിച്ച് നിരവധി സഞ്ചാരികളാണ് തമിഴ്നാട്ടിലേക്കെത്തുന്നത്. ഇവരെയെല്ലാം കർശനമായ പരിശോധനയ്ക്ക് ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. ആളുകൾ കൂടുന്നിടത്തെല്ലാം മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന നിർദേശവും ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. പരിശോധനയിൽ പനിയുടെ നേരിയ ലക്ഷണങ്ങൾ കാണുന്നവരോട് ആശുപത്രിയിൽ ചികിത്സ തേടാനാണ് നിർദേശിക്കുന്നത്. തമിഴ്നാട്ടിൽ സ്ഥിര താമസക്കാരായ ആളുകൾ കേരളത്തിൽ വന്ന് തിരികെ പോകുമ്പോഴും അവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആർക്കെങ്കിലും പനിയുടെ ലക്ഷണം കണ്ടാൽ അവരെ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ആശുപത്രിയിൽ പോയി ചികിത്സ തേടേണ്ടതാണ്. കേരളത്തിൽ രണ്ടാമതും നിപ വ്യാപനമുണ്ടായ സാഹചര്യത്തിൽ കേരളത്തോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലേയ്ക്ക് അറിയാതെയാണെങ്കിലും രോഗവാഹകരായ ആളുകൾ എത്താൻ സാദ്ധ്യതയുള്ളതിനാലാണ് പരിശോധന കർശനമാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധക സംഘത്തെ സഹായിക്കുന്നതിനായി റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്.