
പന്നിയങ്കര: കോഴിക്കോട് ഭാഗത്തേക്കുള്ള പന്നിയങ്കര ബസ് സ്റ്റോപ്പിന് സമീപത്തെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനട യാത്രക്കാർ അപകടങ്ങളിൽപ്പെടുന്നത് പതിവാകുന്നു. സ്റ്റോപ്പിൽ ബസുകൾ നിറുത്തുന്നതിന് മുന്നിലൂടെയാണ് സീബ്രാലൈൻ സ്ഥാപിച്ചിട്ടുള്ളത്. റോഡ് മുറിച്ചുകടക്കുന്ന കാൽനട യാത്രക്കാർക്ക് സ്റ്റോപ്പിൽ നിറുത്തിയിട്ടിരിക്കുന്ന ബസിന്റെ മറവിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കാണാനാകാത്തതാണ് അപകടത്തിലേക്ക് നയിക്കുന്നത്. മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാർക്കും കാൽനട യാത്രക്കാരെ കാണാനാകാത്ത അവസ്ഥയാണ്.
നിറുത്തിയിട്ട ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനട യാത്രക്കാരെ ചില സന്ദർഭങ്ങളിൽ ബസ് ഡ്രൈവർമാർക്കും കാണാനാകാത്ത സാഹചര്യവുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ആറോളം അപകടങ്ങളാണ് ഇവിടെ നടന്നത്. ഈ ഭാഗത്തുള്ള സീബ്രാലൈൻ നീക്കുകയോ സീബ്രാലൈൻ സ്റ്റോപ്പിൽ നിന്ന് 50 മീറ്റർ പിറകിലോട്ടോ മുൻവശത്തേക്കോ സ്ഥാപിക്കുകയോ വേണമെന്നാണ് നാട്ടുകാർ പറയുന്നത്. ബസിൽ നിന്ന് പന്നിയങ്കര സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രക്കാർ ധൃതിയിൽ സീബ്രാലൈൻ മുറിച്ച് കടക്കുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.