calander
മേരിയെയും മാത്യുവിനെയും പരിചയപ്പെടുത്തി രാഹുൽഗാന്ധി പുറത്തിറക്കിയ കലണ്ടർ

പുൽപ്പള്ളി: രാഹുൽഗാന്ധിയുടെ ട്വീറ്റിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച ദമ്പതിമാരിൽ മാത്യുവിന് പുറകെ മേരിയും വിടവാങ്ങി.

പുൽപ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയിൽ മാത്യുവും ഭാര്യ മേരിയും വയസ് തൊണ്ണൂറാകുമ്പോഴും കാർഷികവൃത്തിയിൽ സജീവമായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ അതിജീവിച്ചുകൊണ്ടായിരുന്നു ഇരുവരും കൃഷിയിടത്തിൽ സജീവമായത്. ഇരുവരെ കുറിച്ചുമറിഞ്ഞ രാഹുൽഗാന്ധി എം.പി വീഡിയോ സഹിതം ട്വീറ്റ് ചെയ്തതോടെ ദേശീയശ്രദ്ധയിലേക്ക് തന്നെ ഈ ദമ്പതികൾ ഉയർന്നു. കൃഷിയിടത്തിൽ ചിലവഴിക്കുന്ന ഈ ദമ്പതികൾ പങ്കുവെക്കുന്ന രാജ്യത്തെ കൃഷിക്കാരുടെ വേദനകളും, അവരുടെ ആശങ്കകളും രാജ്യവും സർക്കാരും തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലോക കാർഷികദിനത്തിൽ രാഹുൽഗാന്ധി പങ്കുവെച്ച ട്വീറ്റിൽ കുറിച്ചിരുന്നു. ഇരുവരോടുമുള്ള ആദരസൂചകമായി രാഹുൽഗാന്ധി 2021ൽ പുറത്തിറക്കിയ കലണ്ടറിലും മാത്യുവിനെയും മേരിയെയും ഉൾപ്പെടുത്തി. ജീവിതസായന്തനത്തിലെത്തിയിട്ടും ഒരുനിമിഷം പോലും വെറുതെയിരിക്കാതെ കൃഷിയിടത്തിൽ ചിലവഴിക്കുന്ന വൃദ്ധദമ്പതികൾ അങ്ങനെ കർഷകസമൂഹത്തിനൊന്നാകെ പ്രചോദനമായി മാറി. മൂന്ന് വർഷം മുമ്പ് മാത്യു വിടവാങ്ങി. മാത്യുവിന്റെ വിയോഗം മേരിയെ തളർത്തിയെങ്കിലും, എല്ലാം മറക്കാൻ വീണ്ടും മേരി മടങ്ങിയത് കൃഷിയിടത്തിലേക്കായിരുന്നു. സുരഭിക്കവലയിലെ നിരപ്പുതൊട്ടിയിൽ വീടിന് മുൻവശത്ത്, കാബേജും തക്കാളിയും, പച്ചമുളകും, കപ്പയും, ഇഞ്ചിയുമെല്ലാം മേരി നട്ടുപരിപാലിച്ചു. 1969ലാണ് കോട്ടയത്തെ കടുത്തുരുത്തിയിൽ നിന്നും മാത്യുവും മേരിയും വയനാട്ടിലെ കുടിയേറ്റമേഖലയായ പുൽപ്പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പൈസ കൊണ്ട് പുൽപ്പള്ളി സുരഭിക്കവലയിൽ മൂന്നേക്കർ സ്ഥലം വാങ്ങി. വയനാട്ടിലെത്തിയ ഘട്ടത്തിൽ ആദ്യമെല്ലാം ജീവിതമാർഗത്തിനായി സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്തു. സ്വന്തം കൃഷിയിടത്തിൽ മണ്ണിനോടിണങ്ങി ജീവിച്ച പതിറ്റാണ്ടുകൾ തന്നെയായിരുന്നു വാർദ്ധക്യകാലത്തും കൃഷിയിൽ ഇരുവരെയും സജീവമാക്കിയത്. ഒടുവിൽ മേരിയും യാത്രയാകുമ്പോൾ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക മേഖലയിലെ നിരവധി പേരാണ് അനുശോചനം അർപ്പിക്കുന്നതിനായി സുരഭിക്കവലയിലെ വീട്ടിലെത്തിയത്.

മേരിയെയും മാത്യുവിനെയും പരിചയപ്പെടുത്തി രാഹുൽഗാന്ധി പുറത്തിറക്കിയ കലണ്ടർ

മേരിയെയും മാത്യുവും കൃഷിയിടത്തിൽ