1

വടകര: റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതി പ്രകാരം നിർമ്മിച്ച പുതിയ വിപുലമായ പാർക്കിംഗ് ഏരിയ ഇന്നലെ തുറന്നു കൊടുത്തു. മൂന്നു കോടിയോളം രൂപ ചെലവിലാണ് പാർ‌ക്കിംഗ് ഏരിയ നിർമ്മാണം പൂർത്തിയാക്കിയത്. ഇതോടെ ആർ.എം.എസ് ഓഫീസിന് സമീപത്തെ പാർക്കിംഗ് ഇല്ലാതാകും. എന്നാൽ പാർക്കിംഗ് ഫീസ് വർദ്ധിക്കും. ഒരു വർഷത്തേക്ക് ഒരു കോടി 12 ലക്ഷം രൂപയ്ക്കാണ് ടെൻഡർ എടുത്തിരിക്കുന്നത്.

നിലവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചില ഓഫീസുകൾ പുതിയ ഓഫീസിലേക്ക് മാറ്റി സ്‌റ്റേഷൻ കെട്ടിടം പൂർണമായും യാത്രക്കാരുടെ സൗകര്യത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള 21.66 കോടി രൂപയുടെ മറ്റ് വികസന പ്രവൃത്തികളും സ്റ്റേഷനിൽ പുരോഗമിക്കുകയാണ്‌. പ്രവേശന കവാടമടങ്ങുന്ന പ്രധാന കെട്ടിടം കേരളീയത്തനിമയിലാണ് പണി കഴിപ്പിക്കുന്നത്. ഒന്നാം പ്ലാറ്റ്ഫോമിൽ ഇതിനോടകം നിലം മാർബിൾ പതിച്ച് ഇരിപ്പിടങ്ങൾ ഒരുക്കി. പുതിയ ശുചിമുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങി അടിമുടി മാറ്റങ്ങളാണ് റെയിൽവേ സ്‌റ്റേഷനിൽ നടന്നുകൊണ്ടിരിക്കുന്നത്. നിർദ്ദിഷ്ട അമൃത് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ പകുതിയോളം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിപുലമായ പാർക്കിംഗ് സംവിധാനം ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.

വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ സ്റ്റേഷൻ സൂപ്രണ്ട് ടി.പി.മനേഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൊമേഴ്സ്യൽ സൂപ്പർവൈസർ എം.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ആർ.പി.എഫ് ഇൻസ്‌പെക്ടർ ധന്യ.ടി.എം, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ.വിപിൻ അശോക്, വത്സലൻ കുനിയിൽ, കരാറെടുത്ത രജീഷ്.ആർ (അപ്പു), ശ്യാമരാജ്.ടി എന്നിവർ സംസാരിച്ചു.

ഫോട്ടോ: വടകര റെയിൽവേ സ്റ്റേഷനിലെ പുതിയ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു

വടകര റെയിൽവെ സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഏരിയാ സ്റ്റേഷൻ സൂപ്രണ്ട് ടി.പി.മനേഷ് ഉദ്ഘാടനം ചെയ്യുന്നു