mango
ഉപ്പിലിട്ട മാങ്ങ

കോഴിക്കോട്: ബീച്ചിലെ തട്ടുകടയിൽ നിന്ന് ഉപ്പിലിട്ട മാങ്ങ കഴിച്ച ഒമ്പതുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എളേറ്റിൽ വട്ടോളി പന്നൂർ വിളക്കലപറമ്പത്ത് ഫാത്തിമയ്‌ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മാങ്ങ കഴിച്ച ഉടനെ ചുണ്ടിന്റെ നിറം വെള്ള കളറായി. തുടർന്ന് തലവേദനയും അനുഭവപ്പെട്ടു. കുട്ടിയുടെ കെെവെള്ളയും വെളുത്ത നിറത്തിൽ കാണപ്പെട്ടിരുന്നെന്ന് പിതാവ് മുഹമ്മദ് പറഞ്ഞു. വീട്ടിലെത്തി പിറ്റേന്ന് രാവിലെ ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ട കുട്ടിയെ ആദ്യം എളേറ്റിൽ വട്ടോളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

പിതാവ് മുഹമ്മദ് അഷ്റഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച കോർപ്പറേഷൻ ആരോഗ്യ വിഭാഗം തട്ടുകടയിൽ പരിശോധന നടത്തി കട അടപ്പിച്ചു. പക്ഷേ, ഇന്നലെ കട തുറന്നതോടെ കോർപ്പറേഷൻ അധികൃതരെത്തി വീണ്ടും കട അടപ്പിച്ചു. ഭക്ഷ്യസുരക്ഷ അധികൃതർ പരിശോധന നടത്തി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ന്യൂനതകൾ പരിഹരിക്കും വരെ കട തുറക്കാൻ അനുവദിക്കില്ലെന്നും പിഴ ഈടാക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

ഭക്ഷ്യ വസ്‌തുക്കൾ ഉപ്പിലിടാൻ ഉപയോഗിച്ച ലായനിയിലെ ഗാഢത കൂടിയതോ മായം ചേർന്നതോ ആകാം ആരോഗ്യ പ്രശ്‌നത്തിന് കാരണമായിട്ടുണ്ടാകാമെന്ന് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ പറഞ്ഞു.