pinarayi

ഫറോക്ക്​: കോഴിക്കോട്- തൃശൂർ പാതയോരത്തെ ചാലിയാറിന്റെ തീരത്തായി ഫറോക്ക് പുതിയ പാലത്തിനു സമീപം പുതുതായി നിർമ്മിച്ച പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസ് ഒക്ടോബർ ഒന്നിന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോർപ്പറേഷൻ അതിർത്തിയിൽ 5.85 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരത്തിനർഹമായ ഉത്തരവാദിത്വ ടൂറിസം പദ്ധതി ഉൾപ്പെടെ രാജ്യാന്തര തലത്തിൽ ശ്രദ്ധ ആകർശിച്ച വിനോദ സഞ്ചാര കേന്ദ്രമായി മാറുന്ന ബേപ്പൂർ​ ടൂറിസത്തിന് കൂടി പ്രാധാന്യം നൽകിയാണ് 10,000 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്നു​നില റസ്റ്റ് ഹൗസ് സജ്ജമാക്കിയിട്ടുള്ളത്.

താഴത്തെ നിലയിൽ വിശ്രമ മുറി, വിശാലമായ മീറ്റിംഗ് ഹാൾ, ഡെയ്നിംഗ് ഹാൾ, അടുക്കള എന്നിവയും മറ്റു രണ്ടു നിലകളിൽ രണ്ടു സ്യൂട്ട് റൂമും ഏഴു താമസ മുറികളുമുണ്ടാകും. കോഴിക്കോട് നഗരത്തിന്റെ കവാടമെന്ന നിലയിലും നഗരവുമായി ബന്ധപ്പെട്ട​ തെക്ക്- വടക്ക് പ്രധാന പാതയും കരിപ്പൂർ വിമാനത്താവളം, ബേപ്പൂർ തുറമുഖം, ചെറുവണ്ണൂർ- നല്ലളം വ്യവസായ കേന്ദ്രം, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവയും ബേപ്പൂർ, കടലുണ്ടി ഉൾപ്പെടെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടുത്തായതിനാൽ പുതിയ വിശ്രമ മന്ദിരത്തിന് പ്രാധാന്യമേറെയാണ്.