
തലയാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വയലട സ്വദേശി ഡിബിൻ രാജിനാണ് (31) പരിക്കേറ്റത്. ബുധനാഴ്ച രാത്രി 8ഓടെ
പടിക്കൽവയൽ മരുതും ചുവട്ടിൽ വച്ചാണ് സംഭവം. തലയ്ക്കും താടി എല്ലിനും കൈക്കും കാൽമുട്ടിനും പരിക്കേറ്റിട്ടുണ്ട്. ഈ പ്രദേശത്ത് റോഡിന്റെ ഇരുവശത്തും കാടുമൂടി കിടക്കുകയാണ്. കിനാലൂർ എസ്റ്റേറ്റ് ഭാഗങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. മുമ്പും മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും നേരെ ആക്രമണമുണ്ടായിട്ടുണ്ട്. കക്കയം ഫോറസ്റ്റ് സെക്ഷനിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. നിരവധി പരാതികൾ നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കാട്ടുപന്നികളെ തുരത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.