
കോഴിക്കോട്: നിറം മാറാനൊരുങ്ങി ടൗൺഹാൾ. നവീകരണ പ്രവൃത്തികൾ ഇന്നുമുതൽ തുടങ്ങും. പൊടിപിടിച്ച് നിറം മങ്ങിയ കർട്ടൻ, സ്റ്റേജിന്റെ തറ, കസേരകൾ എന്നിവയെല്ലാം മാറ്റും. ശൗചാലയവും നവീകരിക്കും. ചുവരുകൾ പെയിന്റടിച്ച് മോടികൂട്ടും. പൈതൃകം നിലനിറുത്തിയാണ് ടൗൺഹാൾ നവീകരിക്കുന്നത്. 30 ലക്ഷം രൂപയാണ് ആകെ ചെലവ്. ആറു മാസത്തേക്കാണ് കരാറെങ്കിലും മൂന്നുമാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പണികൾ നടക്കുമ്പോൾ ഹാൾ പരിപാടികൾക്കായി തുറന്നുകൊടുക്കാൻ പറ്റുമോയെന്ന കാര്യം ആലോചിക്കുന്നതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
പൂർണമായും അടച്ചിടുന്നത് കലാകാരന്മാരെ പ്രതിസന്ധിയിലാക്കും. കുറഞ്ഞ ചെലവിൽ ഹാൾ കിട്ടാനില്ലാത്തത് സാംസ്കാരിക പ്രവർത്തനങ്ങളെയും ബാധിക്കും. മിക്ക ദിവസങ്ങളിലും സംഗീത പരിപാടികൾ അരങ്ങേറുന്ന ടൗൺഹാൾ അടച്ചിട്ടാൽ സംഗീത കലാകാരൻമാർ കഷ്ടത്തിലാവുമെന്നും ബദൽ സൗകര്യങ്ങൾ ഒരുക്കിയ ശേഷം അടച്ചാൽ മതിയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നാലുവർഷം മുമ്പാണ് നേരത്തെ അറ്റകുറ്റപ്പണി നടത്തിയത്.
ടാഗോർ ഹാൾ അടച്ചിട്ട് ഒന്നര വർഷം
സംഗീത പരിപാടികളും സാഹിത്യ പരിപാടികളും അരങ്ങേറിയിരുന്ന നഗരത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രമായിരുന്ന ടാഗോർ ഹാൾ പുനർ നിർമ്മാണത്തിന്റെ ഭാഗമായി അടച്ചിട്ട് ഒന്നര വർഷമാകുന്നു. ഹാൾ പൂർണമായും പൊളിച്ചു മാറ്റി, കോംപ്ലക്സ് നിർമ്മിക്കാൻ പോകുന്നെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതുവരെ പ്രവൃത്തി തുടങ്ങിയിട്ടില്ല. 55 കോടി രൂപയുടെ പദ്ധതി എന്ന് പൂർത്തിയാകുമെന്ന് അധികൃതർക്കുപോലും അറിയില്ല.
1961ൽ സംഗീത പരിപാടികൾക്കും നാടക പ്രവർത്തനങ്ങൾക്കും അനുയോജ്യമായ രീതിയിയിൽ നിർമ്മിച്ചതാണ് ടാഗോർ ഹാൾ. എന്നാൽ, കാലക്രമേണ ഈ സാംസ്കാരിക കേന്ദ്രം കല്യാണ മണ്ഡപമായി മാറി. ഹാൾ എയർ കണ്ടിഷൻ ചെയ്‌തതോടെ സാധാരണ സാംസ്കാരിക പ്രവർത്തകർക്ക് താങ്ങാനാകാത്തവിധം വാടക ഉയർന്നു. എങ്കിലും വലിയ സംഗീത പരിപാടികളും പ്രൊഫഷണൽ നാടകങ്ങളും ഇവിടെ നടന്നുപോന്നു.