photo

തലയാട്: കാട്ടുപന്നികളുടേയും തെരുവുനായ്ക്കളുടെയും ആക്രമണത്താൽ ഇനിയെന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞിരിക്കുകയാണ് മലയോര മേഖലയിലെ തലയാട്, ചീടിക്കുഴി നിവാസികൾ. കൃഷി ചെയ്യാനാകുന്നില്ല. സാമ്പത്തിക നില താളംതെറ്റിയ കർഷകർക്ക് വീടിന് പുറത്തേക്കിറങ്ങാൻ പോലും ഭയമാണ്. കാട്ടുപന്നികളും തെരുവുനായകളും അത്രയേറെ ജനങ്ങളെ ആക്രമിക്കുകയാണ്.

കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനായ വയലട സ്വദേശി ഡിബൻരാജിന് തലയാട് പടിക്കൽവയൽ മരുതുംചോട്ടിൽ വച്ച് കാട്ടുപന്നിയുടെ ആക്രമത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. മലമുകളിൽ താമസിച്ചിരുന്ന പലരും കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ നായകളെ വളർത്തിയിരുന്നു. എന്നിട്ടും രക്ഷയില്ലാതെ വന്നതോടെ പലരും മലയിറങ്ങി. എന്നാൽ നായ്ക്കൾ അവിടെ തന്നെയായി. ഭക്ഷണം കിട്ടാതായതോടെ ഇവ അങ്ങാടികളിലേക്ക് നീങ്ങി. നിലവിൽ നിരവധി നായകളാണ് അങ്ങാടിയിലുള്ളത്.

നടക്കാൻ പോലും കഴിയില്ല

വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും വഴി നടക്കാനാകാത്ത അവസ്ഥയാണ്. പലർക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. വളർത്തു മൃഗങ്ങളെ ഇവ

കൊന്നൊടുക്കുകയാണ്. തെരുവുനായ ശല്യം കാരണം കുട്ടികളെ സ്കൂളിലേക്ക് വിടാൻ പോലും രക്ഷിതാക്കൾ ഭയക്കുന്നു.

പൊറുതിമുട്ടി

കാട്ടുപന്നി,​ മുള്ളൻപന്നി, കുരുങ്ങുകൾ എന്നിവയുടെ ശല്യത്താൽ കൃഷി അവസാനിപ്പിക്കേണ്ടി വന്ന കർഷകർ നിലവിൽ തെരുവുനായ്ക്കളെ ഭയന്ന് നാടുവിടേണ്ട അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് ജനങ്ങളുടെ ഭീതി അകറ്റാനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.