football
football

കോഴിക്കോട്: മലബാറിലെ കുട്ടികൾ ഇനി കാൽപ്പന്ത് കളിയിൽ വിസ്മയം തീർക്കും. പരിശീലിപ്പിക്കാൻ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ നാട്ടിൽ നിന്നും കോച്ചുകൾ റെഡി. ഡീഗോ മറഡോണയെ വാർത്തെടുത്ത അർജന്റീനോസ് ജൂനിയോസ് ഫുട്‌ബോൾ അക്കാഡമിയിലെ പരിശീലകരായ മാറ്റിയാസ് അക്കോസ്റ്റ, അലിജാൻഡ്രോ ലിനോ എന്നിവരാണ് കോഴിക്കോട്ടെത്തിയത്. മലബാർ സ്‌പോർട്സ് ആൻഡ് റിക്രിയേഷൻ ഫൗണ്ടേഷനുമായി (എം.എസ്ആർഎഫ്) ഒപ്പുവച്ച കരാർ പ്രകാരമാണ് ഇരുവരും കോഴിക്കോട്ടെത്തിയത്. എം.എസ്.ആ‌ർ.എഫിനു കീഴിലുള്ള മലബാർ ചാലഞ്ചേഴ്സ് ഫുട്‌ബോൾ ക്ലബ്ബ് അക്കാഡമിയിലെ കുട്ടികൾക്കാണ് ഇവർ പരിശീലനം നൽകുക.

ഒക്ടോബർ ആദ്യവാരം കോച്ചിംഗ് ക്യാമ്പ്

കോഴിക്കോട് പെരുന്തുരുത്തി ഭവൻസ് സ്‌കൂളിൽ എം.എസ്.ആർ.എഫ് നിർമ്മിച്ച ഫുട്‌ബോൾ ടർഫിലായിരിക്കും പരിശീലനം. കുട്ടികളുടെ സൗകര്യാർത്ഥം മറ്റിടങ്ങളിലേക്കും കോച്ചിംഗ് ക്യാമ്പുകൾ വ്യാപിപ്പിക്കും. ഇന്നു മുതൽ ഒരാഴ്ച കേരളത്തിലെ കോച്ചുകൾക്ക് ഇവർ പരിശീലനം നൽകും. ശേഷം കുട്ടികളുടെ പരിശീലന ക്യാമ്പ് ആരംഭിക്കും. 8-10, 10-12, 12-14 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭ്യമാണ്. ആദ്യ ബാച്ചിലേക്ക് ഓക്‌ടോബർ ആദ്യ വാരം വരെ https://forms.gle/1KBy98r9t8GwpQSXA എന്ന ഗൂഗിൾ ഫോം വഴി അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.malabarchallengersfc.com ലഭ്യമാണ്. ഒക്ടോബർ ആദ്യവാരം കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും. കാൽപന്തുകളിയെ നെഞ്ചിലേറ്റിയ കോഴിക്കോടിന്റെ മണ്ണിലെ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോൾ പരിശീലനമാണ് സാദ്ധ്യമാകുന്നത്. 2033ലെ അണ്ടർ 20 ലോകകപ്പ്, 2034ലെ ലോക കപ്പ് ഫുട്‌ബോൾ എന്നിവയുടെ അവസാന റൗണ്ടുകളിൽ ഇന്ത്യൻ ടീമിന്റെ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് എം.എസ്.ആർ.എഫിന്റെ ലക്ഷ്യം.

10 ഏക്കർ സ്ഥലത്ത് 350 മുതൽ 400 വരെ കുട്ടികളെ താമസിപ്പിച്ചു പരിശീലിപ്പിക്കാവുന്ന റസിഡൻഷ്യൽ അക്കാദമിയും എം.എസ്.ആർ.എഫ് ലക്ഷ്യമിടുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ എം.എസ് .ആർ.എഫ് ചെയർമാൻ ബി. വിജയൻ, ഡയറക്ടർമാരായ സജീവ് ബാബു കുറുപ്പ്, ഡോ. മനോജ് കാളൂർ എന്നിവർ പങ്കെടുത്തു.