
@ജോലിസമ്മർദം കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകൾ
കോഴിക്കോട്: ജോലിസമ്മർദം മൂലം യുവതി മരണമടഞ്ഞ സംഭവത്തിന് ചുവടുപിടിച്ച് വിവിധമേഖലകളിലെ ജോലിഭാരം ചർച്ചയാകുന്നു. ജോലിഭാരത്തിന്റെ സമ്മർദം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളാണ്, ഇന്ന് എല്ലാ മേഖലയിലും സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. കാലത്തിനനുസരിച്ച് എല്ലാ തൊഴിൽ മേഖലകളിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ടാർഗറ്റും ഓവർടൈമുമെല്ലാം ഇന്ന് ഏതൊരു തൊഴിലിലും പുതുമയല്ല. ഇതിനുപുറമേ തൊഴിലിടങ്ങളിൽ പ്രത്യക്ഷമായി തന്നെ മത്സരങ്ങളും നിലനിൽക്കുന്നുണ്ട്. മേലധികാരികളിൽ നിന്നുള്ള വീട്ടുവീഴ്ചയില്ലാത്ത പെരുമാറ്റം, ലൈംഗികചൂഷണം, ബുള്ളിയിംഗ് തുടങ്ങിയ പ്രശ്നങ്ങൾ വേറെയും. ഇവയെല്ലാം ചേർന്ന് നൽകുന്ന സമ്മർദ്ദം താങ്ങാനാവാതെ പല സ്ത്രീകളും ജോലി തന്നെ വേണ്ടെന്നു വയ്ക്കുന്നുമുണ്ട്. എന്നാൽ ജീവിത പ്രാരാബ്ധങ്ങൾ മൂലം തൊഴിലിടങ്ങളിലെ ടോക്സിസിറ്റി സഹിക്കേണ്ടി വരുന്നവരാണ് ഏറെയും.
പലപ്പോഴും സ്ത്രീകളെ കൂടുതൽ ജോലി ചെയ്യിക്കുന്ന പ്രവണത പലയിടത്തും കാണാറുണ്ട്. മേലധികാരികളോട് നോ പറയാനുള്ള മടിയാണ് ഇതിനുകാരണം. പലരും പേടിമൂലം ഇത് തുറന്നു പറയാറില്ല. ജോലി പോവുമോ എന്നും മറ്റു പ്രശ്നങ്ങളുണ്ടായാലോയെന്നുമുള്ള ഭയമാണ് കാരണം. വിവിധ ജോലിയിടങ്ങളിലെ വനിതകൾ പ്രതികരിക്കുന്നു.
9.30 മുതൽ 5.30 വരെയാണ് ജോലിസമയമെങ്കിലും ഐ.ടി മേഖലയായതിനാൽ അതൊന്നും പാലിക്കപ്പടാറില്ല. ഓരോവർക്ക് തീരുമ്പോഴും അടുത്തത് വന്നുകൊണ്ടിരിക്കും. ഇത് തീർത്തിട്ട് പോവൂ എന്നാണ് പറയാറ്. ഓഫീസിൽ ഏതാണ്ട് 300 ഓളം പോർ ജോലി ചെയ്യുന്നുണ്ട്. രണ്ടു മണിക്കൂർ മുതൽ നാലുമണിക്കൂർ വരെ കൂടുതൽ സമയമിരുന്ന് ജോലിയെടുക്കേണ്ടി വന്നിട്ടുണ്ട്. അതിന് പ്രത്യേകം പൈസയൊന്നും കിട്ടാറില്ല. കല്യാണം കഴിയാത്തവരാണെങ്കിൽ എക്സ്ട്രാ ടൈമിരിക്കാൻ സമ്മർദമുണ്ടാവാറുണ്ട്. കുടുംബം നോക്കേണ്ടല്ലോ. അതുകൊണ്ട് കൂടുതൽ ഇരുന്നാലും കുഴപ്പമില്ലെന്നാണ് മേലുദ്യോഗസ്ഥർ പറയാറുള്ളത്.
കാവ്യ ,
ടെക്നോപാർക്ക്, തിരുവനന്തപുരം
ഇ.വൈ യിൽ 2016 മുതൽ 2019 വരെ ജോലി ചെയ്തിരുന്നു. 9:30 മുതൽ 6 വരെയാണ് ജോലി സമയം. അത് കഴിഞ്ഞും പലപ്പോഴും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. 200 ലധികം പേരാണ് അവിടെയുണ്ടായിരുന്നത്. എല്ലാവരും ഓവർ ടൈം ജോലി ചെയ്താണ് ഇറങ്ങാറുള്ളത്. പ്രത്യേകം പൈസയൊന്നും ഓവർ ടൈമിന് ലഭിച്ചിരുന്നില്ല. കൊവിഡ് തുടങ്ങിയ സമയത്ത് വർക്ക് ഫ്രം ഹോം ആയപ്പോഴാണ് ജോലി വിട്ടത്.
പ്രിയങ്ക, അഡ്വാൻസ്ഡ് ടാക്സ് അനലിസ്റ്റ്
ബാംഗ്ലൂർ
പ്രൊജെക്ടിനനുസരിച്ചാണ് ഓരോരുത്തർക്കും വർക്ക് ലോഡുകൾ ഉണ്ടാവുക. ഇത് ഏറിയും കുറഞ്ഞുമിരിക്കും. അതിനപ്പുറത്തേക്ക് പ്രഷർ കൊടുക്കുക, ലീവ് ചോദിച്ചാൽ കൊടുക്കാതിരിക്കുക എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. സീനിയർ,ജൂനിയർ വ്യത്യാസമില്ലെന്ന് പറയുമെങ്കിലും ലീവിന്റെ കാര്യം വരുമ്പോ അത് മാറും. നിസാരകാരണങ്ങൾ പറഞ്ഞ് ലീവ് തരാതിരിക്കും. മാനേജർമാരുടെ ഭാഗത്തു നിന്ന് ഒരു മോശം പെരുമാറ്റം ഉണ്ടായി, അത് മേലുദ്യോഗസ്ഥരെ അറിയിച്ചാൽ പോലും അയാൾ പ്രധാനപ്പെട്ട വ്യക്തിയാണെങ്കിൽ നടപടിയൊന്നും ഉണ്ടാവില്ല. പല തവണ പറഞ്ഞിട്ടും നടക്കാത്ത കാര്യങ്ങളുണ്ട്.
ആര്യ ( സാങ്കൽപ്പിക നാമം)
സോഫ്റ്റ് വെയർ എൻജിനിയർ, യു.എസ്.ടി, തിരുവനന്തപുരം
എല്ലാതൊഴിലിടങ്ങളിലും പ്രശ്നങ്ങളുണ്ട്. അത് കൂടുതലാവുമ്പോഴാണ് മനസിനേയും ശരീരത്തേയും ബാധിക്കുന്നത്. തൊഴിൽ സ്ഥലത്തുള്ള എല്ലാവരേയും മനുഷ്യരായും തൊഴിലാളികളായും കാണാൻ സാധിക്കണം. ജോലിയോടൊപ്പം തന്നെ പ്രധാനമാണ് വിശ്രമവും. അത് തൊഴിലാളികൾക്ക് കൂടിയേ തീരു.
വിജി പെൺകൂട്ട്,
പെൺകൂട്ട് സംഘടനയുടെ സ്ഥാപക