കോഴിക്കോട്: മൂടാടി, മേപ്പയ്യൂർ, നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസുകളെ സ്മാർട്ടാക്കുന്ന പ്രവൃത്തിക്ക് തുടക്കം. ശിലാസ്ഥാപനം റവന്യു മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അന്യാധീനപ്പെട്ട 2,274 ഏക്കർ സർക്കാർ ഭൂമി താലൂക്ക് ലാൻഡ് ബോർഡുകൾ മുഖേന കഴിഞ്ഞ ഒൻപത് മാസങ്ങൾക്കുള്ളിൽ തിരിച്ചുപിടിച്ചതായി അദ്ദേഹം പറഞ്ഞു.

മൂടാടിയിൽ നടന്ന പരിപാടിയിൽ കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നന്തിയിലെ മഹമൂദ് ഹാജി സൗജന്യമായി നൽകിയ 8.75 സെന്റ് സ്ഥലത്താണ് മൂടാടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമുയരുന്നത്. 50 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. പി.ബാബുരാജ്, ശിവാനന്ദൻ.എം.പി, ദുൽഖിഫർ, കെ.ജീവാനന്ദൻ, ചൈത്ര വിജയൻ, സി.കെ.ശ്രീകുമാർ, ജയശ്രീ എസ്.വാര്യർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

നെല്ലിപൊയിലിൽ വിജയ വായനശാലയിൽ നടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അലക്സ് തോമസ് ചെമ്പകശ്ശേരി, റോയ് കുന്നപ്പിള്ളി, കെ.ബാലരാജൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

മേപ്പയ്യൂരിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.പി ശോഭ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.നിഷിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.പി.രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, സി.സുബൈർ, വി.ബിന്ദു, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.