
കോഴിക്കോട്: ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ മായാലോകത്ത് ജീവിക്കുന്ന പുതുതലമുറയിലെ എൻ.സി.സി കേഡറ്റുകൾ ഫോണും ഇന്റർനെറ്റും ഒഴിവാക്കി പോസ്റ്റ് കാർഡിലൂടെ വീട്ടുകാരുമായി വിശേഷങ്ങൾ പങ്കുവച്ചു. 30 കേരള എൻ.സി.സി ബറ്റാലിയൻ എളേറ്റിൽ വട്ടോളി എം.ജെ.എച്ച്.എസ്.എസിൽ നടത്തിയ വാർഷിക പരിശീലന ക്യാമ്പിൽ വച്ചാണ് ക്യാമ്പ് അനുഭവങ്ങൾ വിവരിച്ച് വീടുകളിലേക്ക് പോസ്റ്റ് കാർഡുകൾ അയച്ചത്. 600ഓളം കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.
വ്യത്യസ്ത സ്കൂളുകളിലും ക്യാമ്പസുകളിലും പഠിക്കുന്ന കേഡറ്റുകൾക്ക് ഇത് നവ്യാനുഭവമായി. ക്യാമ്പ് കമാന്റർ കേണൽ രാജേശ്വർ സിംഗ് ജോഹൽ, ഡെപ്യൂട്ടി ക്യാമ്പ് കമാൻഡർ കേണൽ ബി.ജോൺസൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സുബൈദാർ മേജർ ഡി.കെ.തിവാരി, ബി.എച്ച്.എം രാഹുൽ, സി.കെ ലഫ്റ്റനന്റ് ആരഭി.എൻ, ഫസ്റ്റ് ഓഫീസർ ജിമ്മി ജോസ്, സീനിയർ ജി.സി.ഐ സമീറ ബാനു, തേർഡ് ഓഫീസർമാരായ കമറുദ്ദീൻ.കെ.കെ, അഹമ്മദ്.കെ.വി, സി.ടി.ഒമാരായ ഹാത്തിം അത്തിക്കുളങ്ങര, ജാമിൽ.സി എന്നിവർ മേൽനോട്ടം വഹിച്ചു. ക്യാമ്പ് ഇന്ന് അവസാനിക്കും.