
കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ തോടിന് കരയിലുള്ള അടുക്കത്ത് കോരങ്ങോട്ട് ഫിറോസ് എന്നയാളുടെ വീട് അപകട ഭീഷണിയിൽ. വീടിന്റെ പിൻവശത്തെ ചുമരും തോടും തമ്മിൽ രണ്ട് മീറ്റർ അകലം മാത്രമാണുള്ളത്. കുറ്റ്യാടി പുഴയുടെ കൈവഴിയായതിനാൽ തോട്ടിൽ എപ്പോഴും ജലസാന്നിദ്ധ്യമുണ്ടാകും. മഴക്കാലമായാൽ വെള്ളം നന്നായി ഉയരുകയും വീടിനോട് ചേർന്ന ഭാഗത്തെ മണ്ണിടിഞ്ഞ് ഒഴുകി പോവുകയുമാണ്. മുറ്റത്തിന്റെ പല ഭാഗങ്ങളിലും ഇതിനോടകം വിള്ളൽ വീണു.
കഴിഞ്ഞ വർഷത്തെ ശക്തമായ മഴയിൽ മുറ്റത്തോട് ചേർന്ന ഭാഗം 15 മീറ്ററോളം നീളത്തിൽ തോട്ടിലേക്ക് ഇടിഞ്ഞു വീണു. തുടർന്ന് വില്ലേജ് ഓഫീസ് അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തോടിന്റെ പാർശ്വഭാഗം കരിങ്കൽ സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജലസേചന മന്ത്രി, വില്ലേജ്, പഞ്ചായത്ത്, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതികൾ നൽകിയിട്ടും പരിഹാരമായില്ല. ഭീതിയുടെ മുൾമുനയിലാണ് താനും കുടുംബവും ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന് ഫിറോസ് പറഞ്ഞു.