 
കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷം. മാങ്കാവ് റൂട്ടിലും ബൈപ്പാസിലും വൻ തിരക്കാണ്. വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, മാങ്കാവ് ജംഗ്ഷനുകളിലാണ് തിരക്ക് കൂടുതൽ. ബൈപ്പാസിൽ നവീകരണ പ്രവൃത്തി നടക്കുന്നതും മാളുകൾക്കു മുന്നിൽ രൂപപ്പെടുന്ന തിരക്കുമെല്ലാം ഗതാഗതതടസത്തിന് കാരണമാവുന്നു. കുരുക്ക് കാരണം സമയത്തിനെത്താനാവാതെ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നതും യാത്രക്കാരെ ബുദ്ധി മുട്ടിലാക്കുകയാണ്. വേങ്ങേരി ഓവർപാസ് തുറന്നിട്ടും കുരുക്കിന് ശമനമില്ല. റോഡിന്റെ ഒരുഭാഗം മാത്രമാണ് തുറന്നത്. ഇതുവഴി വാഹനങ്ങൾ ഇരുഭാഗത്തേക്കും സഞ്ചരിക്കുന്നതിനാൽ ഇവിടെയും ഗതാഗതക്കുരുക്കൊഴിയുന്നില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് സിറ്റിയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്‌മൂലം സ്വകാര്യബസുകൾ സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണെന്നും മത്സരയോട്ടവും തൊഴിലാളികൾ തമ്മിൽ വാക്കുതർക്കവും പലറൂട്ടുകളിലും പതിവായിരിക്കുകയാണെന്നും. വിഷയത്തിൽ പരിഹാര നടപടി സ്വീകരിക്കാത്ത പക്ഷം സ്വകാര്യ ബസുകൾ നിർത്തിയിടേണ്ട അവസ്ഥയിലാവുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജില്ലയിൽ 700 ൽ താഴെ സിറ്റിബസുകളാണ് സർവീസ് നടത്തുന്നത്. ഒരു ബസിന് ശരാശരി ദിവസം 75 - 80 ലിറ്റർ പെട്രോളാണ് ആവശ്യം വരിക. ചിലതിന് 120 ലി. വരെ വരാം. ബസിന്റെ പെട്രോൾ ചെലവ് കഴിഞ്ഞ് 1500 രൂപയാണ് മിച്ചം വരിക. ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനായി റോഡിൽനിന്നും മാറുമ്പോൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരും. അതിന് വരുന്ന ചെലവും ഏറെയാണ്.
ഓവർ സ്പീഡ്, റോഡ് വൈലേഷൻ എന്നിവയ്ക്കായി ഫൈൻ അടയ്ക്കേണ്ടി വരുമ്പോൾ അവസ്ഥ വീണ്ടും പരിതാപകരമാവും. ഗതാഗതക്കുരുക്ക് ഉണ്ടാവുമ്പോൾ ബസ് സമയത്ത് എത്താനായി സ്പീഡ് കൂട്ടേണ്ടി വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇങ്ങനെ വരുമ്പോൾ ഓവർ സ്പീഡ് ഫൈനും മറ്റ് ബസുകളിലെ ജീവനക്കാരുമായി തർക്കവും ഉണ്ടാവുന്നു. ഗതാഗതക്കുരുക്കിനെതിരെ കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു.
"അശാസ്ത്രീയമായ രീതിയിൽ പെർമിറ്റ് അനുവദിച്ചത് ബസുകളുടെ എണ്ണം കൂട്ടി. പുതിയ പെർമിറ്റ് വന്നപ്പോൾ ബസുകൾക്ക് സ്റ്റോപ്പിൽ നിർത്തേണ്ട സമയം10 മിനിറ്റിൽ നിന്ന് അഞ്ചു മിനിറ്റായും പിന്നീടത് മൂന്നു മിനിറ്റായും കുറഞ്ഞു. ഗതാഗതക്കുരുക്കിന്റെ പരിഹാരത്തിനൊപ്പം ഇത്തരം കാര്യങ്ങൾക്ക് കൂടി പരിഹാരം കാണേണ്ടതാണ്. അല്ലാത്തപക്ഷം സ്വകാര്യ ബസ് സർവീസുകൾ നിർത്തിയിടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും."
കെ.ടി വാസുദേവൻ, ജില്ലാ പ്രസിഡന്റ്,
ബസ് ഓപ്പറേറ്റേഴ്സ് അസോ.
കോഴിക്കോട്