സുൽത്താൻ ബത്തേരി: അമ്മമാർക്കും കുട്ടികൾക്കുമായി സുൽത്താൻ ബത്തേരിയിൽ നിർമ്മാണം പൂർത്തീകരിച്ച മാതൃ ശിശു സംരക്ഷണ കേന്ദ്രം ഒരു വർഷമായിട്ടും പ്രവർത്തനമാരംഭിച്ചില്ല. ആശുപത്രിയിലേക്കാവശ്യമായ എല്ലാ സാധന സാമഗ്രികളും എത്തിച്ചിട്ടും ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതാണ് പ്രവർത്തനത്തിന് തടസമായി നിൽക്കുന്നത്.
25 കോടി രൂപ ചെലവഴിച്ചാണ് ഫെയർ ലാന്റിലെ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയോട് ചേർന്ന് ഏഴ് നിലകളിലായി ആശു പത്രിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. ഇതിലേക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കുകയും ചെയ്തു. മൂന്ന് ഓപ്പറേഷൻ തീയേറ്റർ, ലേബർ റൂമുകൾ, നവജാത ശിശു സംരക്ഷണത്തിനുള്ള പ്രത്യേക യൂണിറ്റ്, 80 ബെഡുകളുൾപ്പെടെയുള്ളവയാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുള്ളത്. കഴിഞ്ഞ തവണ ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രി സന്ദർശിച്ചപ്പോൾ രണ്ടു മാസത്തിനകം മാതൃ ശിശു സംരക്ഷണ കേന്ദ്രം തുറന്ന് പ്രവർത്തനമാരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടികളായില്ല. 2023 ഒക്ടോബർ 12 ന് ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാർക്കായി
പ്രൊപ്പോസൽ നൽകിയിരുന്നു. സൂപ്രണ്ടും സ്‌പെഷ്യലൈസ് ഡോക്ടർമാരും കാഷ്വാലിറ്റി ഡോക്ടർമാരുമടക്കം 27 പേരെയും, നഴ്സിംഗ് സൂപ്രണ്ട് മറ്റു ജീവനക്കാർ മിനിസ്റ്റീരിയൽ സ്റ്റാഫ് അടക്കം 96 പേരടക്കം 123 ജീവനക്കാർ വേണമെന്ന നിർദേശമാണ് സർക്കാർ മുമ്പാകെ നൽകിയത്. എന്നാൽ ഒരു വർഷമാകാറായിട്ടും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതിനിടെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയതോടെ സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വോട്ടേഴ്സ് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യവും ഉയർന്നു. ഇതോടെ ഇതിനാവശ്യമായ പ്രൊപ്പോസലും ആശുപത്രി അധികൃതരിൽ നിന്നും സർക്കാർ വാങ്ങിയിട്ടുണ്ട്. സൂപ്രണ്ട്, സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാർ അടക്കം 29 ഡോക്ടർമാരുടെയും നഴ്സിംഗ് സൂപ്രണ്ട് അടക്കം 154 ജീവനക്കാരുമുൾപ്പെടെ 183 പേരെ നിയമിക്കുന്നതിനുള്ള നിർദ്ദേശമടങ്ങിയ അപേക്ഷയാണ് ആശുപത്രി അധികൃതർ സർക്കാറിലേക്ക് നൽകിയിരിക്കുന്നത്. ഇത് ഈ വർഷം ഏപ്രിൽ 9നാണ് നൽകിയത്. നിലവിൽ താലൂക്ക് ആശുപത്രിയിൽ മൂന്ന് ഗൈനക്കോളജി വിഭാഗത്തിന്റെ തസ്തികളാണുള്ളത്. ഒരാൾ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. എല്ലാ ദിവസവും ഒ.പി പ്രവർത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് പ്രത്യേക അഡ്മിനിസ്‌ട്രേഷൻ ഉണ്ടെങ്കിൽ മാത്രമെ കേന്ദ്രം നല്ല നിലയിൽ പ്രവർത്തനം നടക്കുകയൊള്ളു. നിലവിലെ സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇങ്ങനെയാണെങ്കിൽ നിലവിലെ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ വെച്ച് മാതൃ ശിശു സംരക്ഷണ കേന്ദ്രവും നടത്തിക്കൊണ്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടായി തീരും. അതിനാൽ തന്നെ എത്രയും വേഗം മാതൃ ശിശു സംരക്ഷണകേന്ദ്രം പ്രത്യേക ബ്ലോക്കായി നിലനിർത്തിക്കൊണ്ട് വേഗത്തിൽ തുറന്നു കൊടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. മാതൃ ശിശു സംരക്ഷണ കേന്ദ്രം എത്രയും പെട്ടന്ന് പ്രവർത്തന ക്ഷമമാക്കിയില്ലെങ്കിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുവന്ന ഉപകരണങ്ങൾ കേട് പാട് സംഭവിക്കാനും ഇടയാകും. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തി സ്റ്റാഫ് പാറ്റേൺ ഉയർത്തണമെന്ന് ആവശ്യവും ഉന്നയിക്കുന്നുണ്ട്.
നിർമ്മാണം പൂർത്തിയായ സുൽത്താൻ ബത്തേരിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രം