കോഴിക്കോട്: ബോട്ടുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് കാലപ്പഴക്കം നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം സാധാരണക്കാരായ മത്സ്യ തൊഴിലാളികളെ വലയ്ക്കുന്നു. എട്ടു വർഷം പഴക്കമുള്ള പ്ലൈവുഡ് വള്ളങ്ങൾക്കും 12 വർഷം പഴക്കമുള്ള മരബോട്ടുകൾക്കും 15 വർഷം പഴക്കമുള്ള സ്റ്റീൽ ബോട്ടുകൾക്കും ലൈസൻസ് പുതുക്കില്ലെന്ന സർക്കാർ തീരുമാനമാണ് തിരിച്ചടിയായത്. വർഷാവർഷങ്ങളിൽ അറ്റകുറ്റപ്പണി നടത്തി, മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളെ കാലപ്പഴക്കത്തിന്റെ പേര് പറഞ്ഞ് ലൈസൻസ് പുതുക്കുന്നത് തടയുന്നത് അനുവദിക്കാനാവില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നിലവിൽ ബോട്ടുകൾക്ക് എല്ലാ വർഷവും ഫിറ്റ്നസ് പരിശോധന നടത്തുന്നതിനാൽ പഴക്കം മൂലമുള്ള അപകടസാദ്ധ്യത കുറവാണ്. കാലപ്പഴക്കം നോക്കാതെ ഫിറ്റ്നസ് പരിശോധന അടിസ്ഥാനമാക്കി ലൈസൻസ് നൽകണമെന്നാണ് ബോട്ട് ഉടമകളുടെ ആവശ്യം.
ലക്ഷങ്ങൾ വായ്പയെടുത്ത് കടലിലിറക്കിയ ബോട്ടുകൾ പൊളിച്ചൊഴിവാക്കേണ്ട അവസ്ഥ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. നിലവിൽ മത്സ്യബന്ധന മേഖലയിലെ നിയമലംഘനം ആരോപിച്ച് ഫിഷറീസ് ഈടാക്കുന്ന ഭീമമായ തുക മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാവാത്ത സ്ഥിതിയാണ്. കൂടാതെ രാത്രിയിൽ നടത്തുന്ന അനധികൃത പരിശോധനയും ഇവരെ പ്രതിസന്ധിയിലാഴ്ത്തുന്നു.
മത്സ്യബന്ധനത്തിന് ചെറിയ കണ്ണിയുള്ള വലകൾ ഉപയോഗിക്കരുതെന്ന് ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശമുണ്ടെങ്കിലും വള്ളങ്ങളിൽ ഇത്തരം വലകളാണ് ഉപയോഗിക്കുന്നത്. ഇത് നിരവധി തവണ ചൂണ്ടിക്കാട്ടിയെങ്കിലും പരിശോധന നടത്താനോ ഇത്തരം വലകളിൽ ചെറു മത്സ്യങ്ങൾ പിടിക്കുന്നതിന് പിഴയീടാക്കാനോ അധികൃതർ തയ്യാറാകുന്നില്ല. 15 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനത്തിന് അനുമതിയുള്ള വള്ളങ്ങൾക്ക് പവർ കൂടുതലുള്ള എൻജിനുകൾ ഘടിപ്പിച്ചതോടെ നിലവിൽ 40 നോട്ടിക്കൽ മൈൽ വരെ എത്തിയാണ് മത്സ്യബന്ധനം നടത്തുന്നത്. ഇതിനെതിരെയൊന്നും നടപടി സ്വീകരിക്കാൻ തയ്യാറാവാത്ത അധികൃതർ ബോട്ട് ജീവനക്കാരെ മാത്രം ചൂഷണം ചെയുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് ഭാരവാഹികൾ ആരോപിക്കുന്നത്.
സൂചനാസമരം 24ന്
മത്സ്യമേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 24ന് രാവിലെ 10ന് ബേപ്പൂർ ഫിഷറീസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കരിച്ചാലി പ്രേമൻ, മുഹമ്മദ് ഹനീഫ,ബഷീർ ഹാജി എന്നിവർ പങ്കെടുത്തു.