dulkhifil

പയ്യോളി: തിക്കോടി പഞ്ചായത്തിലെ 30,000ഓളം ജനങ്ങളും സമീപ പഞ്ചായത്തായ മൂടാടിയിലെ 15,000ഓളം ജനങ്ങളും പ്രധാനമായി ആശ്രയിക്കുന്ന കേന്ദ്രമാണ് തിക്കോടി ടൗൺ. ദേശീയ പാതയുടെ ഭാഗമായി ആറുവരി പാത നിർമ്മിക്കുമ്പോൾ ടൗണിലെ റോഡിനിരുവശവും വൻ മതിലുകൾ ഉയരും. ഇതോടെ ജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാനാകാത്ത അവസ്ഥയാകും.

റോഡിന് ഇരുവശങ്ങളിലുമായി വിവിധ സർക്കാർ ഓഫീസുകൾ, വ്യാപാര വാണിജ്യ കേന്ദ്രങ്ങൾ, ബാങ്കുകൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇതുകൊണ്ടാണ് ഇവിടെ അണ്ടർപ്പാസ് വേണമെന്ന ആവശ്യം ശക്തമാകുന്നത്.

കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, എം.എൽ.എ, എം.പി, എൻ.എച്ച്.എ.ഐ അധികൃതർ എന്നിവർക്ക് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സമരപരിപാടികൾ ആരംഭിച്ചത്. ബഹുജനങ്ങളെ പങ്കെടുപ്പിച്ച് 1,500 ഓളം പേർ പങ്കെടുത്ത മനുഷ്യമതിൽ സൃഷ്ടിച്ചു. രാപകൽ സമരം നടത്തി. പ്രദേശത്തെ സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ, വിദ്യാഭ്യാസ സംഘടനകളുടെ നേതൃത്വത്തിൽ മാസങ്ങളോളം സായാഹ്ന ധർണകൾ നടന്നു. ഇത് പിന്നീട് അനിശ്ചിതകാല റിലേ നിരാഹാര സമരമായി മാറി.


ഷാഫി പറമ്പിൽ എം.പി കേന്ദ്രമന്ത്രിയുടെ മുമ്പാകെ പ്രശ്നം അവതരിപ്പിച്ചു. അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ പ്രദേശത്തെ റോഡ് പ്രവൃത്തി നിറുത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ 10ന് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് എൻ.എച്ച്.എ.ഐ അധികൃതരും വാഗാട് കമ്പനി ഉദ്യോഗസ്ഥരും 400 ഓളം പൊലീസുകാരുടെ അകമ്പടിയോടെയാണ് തിക്കോടി ടൗണിൽ എത്തിയത്. സമാധാനപരമായി പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. സമരപ്പന്തൽ പൊളിച്ചുമാറ്റി.

എം.പിയുടെ വാക്കും തള്ളി

രാജ്യസഭാംഗം പി.ടി.ഉഷ തിക്കോടി ടൗണിൽ മിനി അണ്ടർപ്പാസ് സ്ഥാപിക്കുന്നതിനായി എൻ.എച്ച്.എ.ഐ ചെയർമാൻ സന്തോഷ് കുമാർ യാദവ് അംഗീകാരം നൽകിയതായി അറിയിച്ചു. എന്നാൽ കോഴിക്കോട് പ്രോജക്ട് ഡയറക്ടർ ഈ ഉത്തരവ് പൂർണമായും നിരാകരിച്ചു. കോഴിക്കോട് ജില്ലാ കളക്ടറും വടകര ആർ.ഡി.ഒയും മൂന്നുതവണ ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല. അണ്ടർപ്പാസ് അനുവദിക്കാനാകില്ലെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നിലപാടിൽ ഉറച്ചുനിന്നു.

സമരം കടുപ്പിക്കും

തിരുവോണത്തിന് നടന്ന പട്ടിണി സമരത്തിൽ 300ൽ അധികം ആളുകളാണ് പങ്കെടുത്തത്. അടിപ്പാത നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം. 26ന് എം.പി, എം.എൽ.എ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ ജനകീയ കൺവെൻഷൻ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആക്ഷൻ കമ്മിറ്റി. തങ്ങളുടെ ആവശ്യം നിറവേറും വരെ സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം.

ജനങ്ങളുടെ ശക്തിക്ക് മുൻപിൽ സർക്കാരിന് തെറ്റായ നിലപാടുമായി മുന്നോട്ട് പോകാനാകില്ല. ഇനിയെങ്കിലും സർക്കാർ തെറ്റ് തിരുത്തണം.

-വി.പി.ദുൽഖിഫിൽ,

ജില്ലാ പഞ്ചായത്ത് മെമ്പർ