
കോഴിക്കോട്: ജപ്പാനിലേക്ക് ഉപരിപഠനത്തിനും തൊഴിലിനുമായി പോകുന്ന 35 വിദ്യാർത്ഥികൾക്ക് സ്നേഹാദരം നൽകി നഗരം. ഇന്നലെ രാവിലെ നടക്കാവ് ഈസ്റ്റ് അവന്യു ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ജാപ്പനീസ് ലാംഗ്വേജ് അക്കാഡമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ആദരിച്ചത്. ഓയിസ്ക ഇന്റർനാഷണൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ.എൽ.എ എം.ഡി ഡോ. സുബിൻ വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ ഫിറോസ് ഖാൻ, ബാലു എന്നിവർ പ്രസംഗിച്ചു. ആദ്യമായാണ് രാജ്യത്തുനിന്ന് ഇത്രയും വിദ്യാർത്ഥികൾ ഒരു വർഷം ജപ്പാനിലേക്ക് പോകുന്നത്. എല്ലാവരും സ്കോളർഷിപ്പോടെയാണ് പോകുന്നത്. ഇവരുടെ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവുകൾ ജെ.എൽ.എ വഹിക്കും.