കോഴിക്കോട്: ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ 433 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 14 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ ഒന്നിലധികം ന്യൂനതകൾ കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക് പിഴയടിച്ചു. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 42 സ്ഥാപനങ്ങൾക്ക് അവ തിരുത്തുന്നതിന് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി.
ശർക്കര, നെയ്യ്, പാലട ചിപ്‌സ്, പരിപ്പ്, പഞ്ചസാര, പപ്പടം, പാൽ, പഴവർഗങ്ങൾ തുടങ്ങി 76 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 16 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.
വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധ തരം ചിപ്‌സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന, വിതരണ, വിൽപന കേന്ദ്രങ്ങളിലും ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്. പായ്ക്കറ്റുകളിൽ നല്‍കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ലേബൽ വിവരങ്ങളും പരിശോധിച്ചു.
കേസെടുക്കാൻ ഉത്തരവ്
ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് സി.പി.ആർ ചിക്കൻ സ്റ്റാളുകൾക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷന്‍ ഉത്തരവ് നൽകി. അണ്ടിക്കോട്, നടക്കാവ് എന്നിവിടങ്ങളിൽ നിന്നുള്ള ചിക്കൻ സ്റ്റാളുകൾക്കെതിരെയാണ് കേസെടുത്തത്.