kudi
കുടിവെള്ളം തലച്ചുമടായി വീടുകളിലേക്ക് എത്തിക്കുന്നു

സുൽത്താൻ ബത്തേരി: കിണറും കുഴൽ കിണറും ഉണ്ടായിട്ടും ശുദ്ധജലത്തിനായി നെട്ടോട്ടമോടി ഗോത്രകുടുംബങ്ങൾ. നൂൽപ്പുഴ കാരശ്ശേരി കുമ്പ്രംകൊല്ലി പണിയ സങ്കേതം നിവാസികളാണ് ശുദ്ധമായ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.

കുമ്പ്രംകൊല്ലി പണിയ സങ്കേതത്തിൽ 6 വീട്ടുകാരാണുള്ളത്. രാവിലെയും വൈകിട്ടും ഇവർ അരകിലോമീറ്ററോളം നടന്ന് വയലിന് നടുവിലെ ഒരു കേണിയിൽ നിന്നാണ് ശുദ്ധജലം ശേഖരിച്ച് തലച്ചുമടായി വീടുകളിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതേ അവസ്ഥയാണ് ഇവർക്ക്. കോളനിയിൽ ഒരു കിണർ ഉണ്ടെങ്കിലും ഇതിലെ വെള്ളം ഉപയോഗശൂന്യമാണ്. ഇതിന് പരിഹാരം കാണുന്നതിനായും കോളനിക്കാരുടെ നിരന്തര ആവശ്യപ്രകാരവും രണ്ടുവർഷം മുമ്പ് സങ്കേതത്തിൽ ഒരു കുഴൽക്കിണർ കുഴിച്ചു. എന്നാൽ ഇതിലേക്ക് ആവശ്യമായ മോട്ടോറും വൈദ്യുതിയും ജലസംഭരണിയും ഒരുക്കിയിട്ടില്ല.

ഇതിനുപുറമെ കോളനിക്ക് സമീപം വാട്ടർ അതോറിറ്റിയുടെ ഒരു പൈപ്പ് കണക്ഷനുമുണ്ട്. ഇതിലെത്തുന്ന വെള്ളവും ഭക്ഷണം പാചകം ചെയ്യാനും കുടിക്കാനും ഉപയോഗിക്കാൻ സാധിക്കില്ല. ഇതിൽ വേനൽകാലങ്ങളിൽ സ്ഥിരമായി വെള്ളമെത്താറുമില്ല. ഇതോടെയാണ് കുടുംബങ്ങൾ ദൂരെ സ്ഥലങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കാൻ തുടങ്ങിയത്. തങ്ങളുടെ ഈ ദുരിതം പലതവണ ബന്ധപെട്ടവരോട് പറഞ്ഞിട്ടും നടപടി ഉണ്ടാവുന്നില്ല എന്നുള്ള സങ്കടമാണ് കുടുംബങ്ങൾ പങ്കുവെക്കുന്നത്. എത്രയും വേഗം കുഴൽ കിണറിൽ മോട്ടോർ സ്ഥാപിച്ച് വൈദ്യുതിയും എത്തിച്ച് കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാവണം എന്നാണ് ആവശ്യം.

കുടിവെള്ളം തലച്ചുമടായി വീടുകളിലേക്ക് എത്തിക്കുന്നു