സുൽത്താൻ ബത്തേരി: വടക്കനാട് പള്ളിവയൽ അമ്പതേക്കർ പ്രദേശത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. വനംവകുപ്പ് പ്രദേശങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലും നേരിട്ടും കടുവയുടെ സാന്നിദ്ധ്യം വീണ്ടും സ്ഥിരീകരിച്ചതോടെയാണ് ഇന്നലെ വൈകിട്ടോടെ കൂടുകൾ സ്ഥാപിച്ചത്. താത്തൂർ കുപ്പാടിഫോർ സെക്ഷൻ പരിധികളിൽ വരുന്ന കാട്ടിക്കൊല്ലി അമ്മവയൽ വനമേഖലയിലാണ് രണ്ടു കൂടുകൾ സ്ഥാപിച്ചിരിക്കുന്നത്. കടുവയുടെ കഴുത്തിന് പരിക്കേറ്റുണ്ടെന്നാണ് വനംവകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. ഒരാഴ്ച മുമ്പാണ് കടുവയെ നാട്ടുകാർ കണ്ടത്. അമ്പതേക്കർ സങ്കേതത്തിലെ ചിക്കന്റെ പോത്തിനെ മേയാൻ വിട്ട സമയത്ത് കടുവ ആക്രമിച്ച് കൊന്നിരുന്നു. പിന്നീട് പലപ്പോഴും വളരെ സാവകാശം നടന്നു നീങ്ങുന്ന കടുവയെ കാണുകയും ചെയ്തു. ഇതോടെയാണ് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയത്. ഇതിനിടെ കടുവയെ വീണ്ടും നേരിട്ടു കാണുകയും കൂടി ചെയ്തതോടെയാണ് കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്.