പുൽപ്പള്ളി: ബൈരക്കുപ്പ പാലം തറക്കല്ലിട്ടിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. 1994 സെപ്തംബർ 22 ന് അന്നത്തെ കേരള മുഖ്യ മന്ത്രി കെ .കരുണാകരനും കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലിയും ചേർന്നാണ് പെരിക്കല്ലൂരിൽ പാലത്തിന്റെ ശിലാ സാഥാപന കർമ്മം നിർവ്വഹിച്ചത്. ശിലാസ്ഥാപന കർമ്മം കഴിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിയുമ്പോഴും പ്രതീക്ഷ കൈവിടാതെ കുടിയേറ്റ ജനത. കുടിയേറ്റമേഖലയുടെ പ്രതീക്ഷയായിരുന്നു ബൈരൻകുപ്പ പാലം. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകാർക്കടക്കം കർണാടകയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ ഉതകുന്ന രീതിയിലായിരുന്നു പാലം രൂപകൽപ്പന ചെയ്തത്. മുപ്പത് വർഷം മുമ്പ് രണ്ട് കോടിയോളം രൂപയായിരുന്നു പാലത്തിനായി കണക്കാക്കിയിരുന്നത്. പെരിക്കല്ലൂർ തോണി കടവിലൂടെയാണ് ആളുകൾ ഇപ്പോൾ കർണാടകയിലേക്ക് യാത്ര ചെയ്യുന്നത്. ഇതിനായി തോണി സർവീസ് മാത്രമാണ് ആശ്രയം. പാലം യാഥാർത്ഥ്യമായാൽ പുൽപ്പള്ളിയിൽ നിന്നും 80 കിലോമീറ്റർ യാത്ര ചെയ്താൽ മൈസൂറിൽ എത്താൻ കഴിയും. കർണാടകയിലെ വനം വകുപ്പാണ് പാലം നിർമ്മാണ കാര്യത്തിൽ ആദ്യ കാലത്ത് തടസ്സ വാദങ്ങളുമായി രംഗത്ത് വന്നത്. തുടർന്ന് ഒട്ടേറ തവണ ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുനായി യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ അനുകൂല തീരുമാനം ഉണ്ടായില്ല. പെരിക്കല്ലൂർ വികസന സമിതിയുടെ നേതൃത്വത്തിൽ സമീപ കാലത്ത് പാലം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലേയും മന്ത്രി സഭാതലത്തിലടക്കം ഇടപെടലുകൾ നടത്താൻ സാധിച്ചിട്ടുണ്ട്. ഇരു സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര മന്ത്രി സഭയുടെയും പിൻതുണ ലഭിച്ചാൽ പാലം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒരു ജനത. പുൽപ്പള്ളിമേഖലയുടെ പ്രതീക്ഷയായിരുന്ന പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾ ഉണ്ടാകാത്തത് പുൽപ്പള്ളിയുടെ വികസനത്തെ തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്.
ബൈരക്കുപ്പ പാലത്തിനായിട്ട തറക്കല്ല്
ബൈരക്കുപ്പ യിലെ തോണി സർവ്വീസ്