
കോഴിക്കോട്: പദ്ധതികളെല്ലാം കടലാസിലുറങ്ങിയതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. ഞായറാഴ്ചയായതിനാലും സ്കൂൾ അവധിക്കാലം അവസാനിക്കുന്നതിനാലും ഇന്നലെ ആയിരങ്ങളാണ് കുടുംബവുമായി നഗരത്തിലെത്തിയത്. മാങ്കാവ് റൂട്ട്, ബൈപ്പാസ്, കാരപ്പറമ്പ് ജംഗ്ഷൻ, അരയിടത്തുപാലം, സി.എസ്.ഐ ജംഗ്ഷൻ, നന്തിലത്ത് ജംഗ്ഷൻ എന്നിവിടങ്ങളെല്ലാം കുരുക്കിലായി. രാമനാട്ടുകര- വെങ്ങളം ആറുവരിപ്പാത നവീകരണ പ്രവൃത്തിയും മാളുകൾക്കു മുന്നിലെ തിരക്കും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്.
പൊലീസ് നടപടികൾ പാളുന്നു
മാങ്കാവ് മേഖലയിലെ ട്രാഫിക് കുരുക്കഴിക്കാൻ പൊലീസ് നടപടി ശക്തമാക്കുമ്പോഴും തിരക്കിന് കുറവില്ല. മാങ്കാവിലെ പുതിയ മാളിൽ നിന്ന് മിനി ബൈപ്പാസ് റോഡിലേക്ക് രണ്ട് വഴികൾ മാത്രമാക്കി ഗതാഗതം പരിഷ്കരിച്ചെങ്കിലും സ്വകാര്യ വാഹനങ്ങളിൽ ആളുകൾ കൂടുതലായെത്തുന്നത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. മാങ്കാവ് പരിസരത്തെ പോക്കറ്റ് റോഡുകളിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചെങ്കിലും വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ദീർഘദൂര ബസുകൾ തൊണ്ടയാട്, രാമനാട്ടുകര ബൈപ്പാസ് വഴിയും വാഹനങ്ങൾ മാങ്കാവിൽ നിന്ന് ചാലപ്പുറം വഴി കല്ലുത്താൻ കടവ് ഭാഗത്തേക്ക് തിരിച്ചു വിടുകയുമാണ് ചെയ്യുന്നത്.
അനക്കമില്ലാതെ
നഗരത്തിലെ ഗതാഗത സംവിധാനം പരിഷ്കരിക്കാൻ കോർപ്പറേഷൻ തയ്യാറാക്കിയ ട്രാഫിക് നയരേഖ ഫയലിൽ വിശ്രമിക്കുകയാണ്. മുഖ്യമന്ത്രി പ്രത്യേക പരിഗണന നൽകിയ പദ്ധതിയെന്ന നിലയിൽ കോഴിക്കോട് മേഖല നഗരാസൂത്രണ കാര്യാലയമാണ് നയരേഖ തയ്യാറാക്കിയത്. തലങ്ങും വിലങ്ങും വാഹനങ്ങൾ നിറുത്തിയിട്ട് ഗതാഗതക്കുരുക്കുണ്ടാക്കുന്ന സംവിധാനം ക്രമീകരിക്കുകയായിരുന്നു ലക്ഷ്യം. പുതിയ പാർക്കിംഗ് ഇടങ്ങൾ വികസിപ്പിക്കുക, സൗകര്യങ്ങൾ ശക്തമാക്കുക, ആവശ്യമുള്ളത് മാറ്റിസ്ഥാപിക്കുക തുടങ്ങിയവയാണ് രേഖയിലുള്ളത്. കെട്ടിടങ്ങളിലെ പാർക്കിംഗ് സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ നിരന്തര പരിശോധന, കൃത്യമായ പൊലീസ് ഇടപെടലുകൾ എന്നിവയും ലക്ഷ്യമിട്ടിരുന്നു. പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ മാനാഞ്ചിറയിൽ പാർക്കിംഗ് പ്ലാസ പണിയുന്ന പദ്ധതിയും എങ്ങുമെത്തിയില്ല. ഗാന്ധിറോഡ്- മുണ്ടിക്കൽത്താഴം റോഡ് പദ്ധതിക്കും അനക്കം വച്ചിട്ടില്ല. മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ വീതികൂട്ടുന്ന പ്രവൃത്തിയും വൈകുകയാണ്.
കാണുന്നില്ലേ
1. ഫ്രീ ലെഫ്റ്റ് തടസപ്പെടുത്തി വാഹന പാർക്കിംഗ്
2. വൺവേ തെറ്റിക്കുന്നത്
3. നടപ്പാതകളിലെ പാർക്കിംഗ്
4. നിയമം തെറ്റിച്ചുള്ള യുടേൺ
5. സ്വകാര്യ ബസുകൾ സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിറുത്തുന്നത്