kandhanpara
കാന്തൻപാറ വെള്ളച്ചാട്ടം (ഫയൽചിത്രം)

മേപ്പാടി: മഴയെ തുടർന്ന് അടച്ചിട്ട കാന്തൻപാറ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാൻ നടപടിയില്ല. മഴ ശമിച്ചിട്ടും കേന്ദ്രം അടഞ്ഞു തന്നെ കിടക്കുകയാണ്. ഡി.ടി.പി.സിക്ക് കീഴിലാണ് കാന്തൻപാറ വെള്ളച്ചാട്ടം. ദിവസം ശരാശരി 400നും 500നും ഇടയിൽ വിനോദസഞ്ചാരികൾ എത്തിയിരുന്ന വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇത്. വനം വകുപ്പിന് കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ ജില്ലയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ വെള്ളച്ചാട്ടം കാണാനുള്ള ഏക ആശ്രയമായിരുന്നു കാന്തൻപാറ. ഡി.ടി.പി.സിക്ക് കിഴിലെ ജില്ലയിലെ മറ്റു പല ടൂറിസം കേന്ദ്രങ്ങളും തുറന്നിട്ടും കാന്തൻപാറ മാത്രം അടഞ്ഞു കിടക്കുകയാണ്. കേന്ദ്രത്തിലെ ശുചിമുറി ഉപയോഗശൂന്യമായതിനെ തുടർന്നാണ് സ്ഥാപനം അടച്ചിട്ടിരിക്കുന്നത്. വയനാട്ടിലേക്ക് വിനോദസഞ്ചാരകളെ ക്ഷണിച്ചുകൊണ്ട് ടൂറിസം മന്ത്രി തന്നെ നേരിട്ട് പ്രവർത്തിക്കുമ്പോഴും ജില്ലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് കാണാൻ നല്ല കാഴ്ചകൾ ഇല്ലാതെ മടങ്ങേണ്ടി വരികയാണ്. ഏറ്റവും എളുപ്പത്തിലും സുരക്ഷിതമായും കാഴ്ചകൾ ആസ്വദിച്ചു മടങ്ങാൻ കഴിയുന്ന കേന്ദ്രമാണ് കാന്തൻപാറ വെള്ളച്ചാട്ടം. മുൻകാലങ്ങളിൽ അപകടത്തിൽപ്പെട്ട് വിനോദസഞ്ചാരികൾക്ക് ജീവൻ നഷ്ടമായിരുന്നു. എന്നാൽ പിന്നീട് ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയതോടെ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരു അപകടം പോലും സംഭവിച്ചിട്ടില്ല. മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ 52ൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് കാന്തൻപാറ വെള്ളച്ചാട്ടം. ടിക്കറ്റ് കൗണ്ടർ വരെ വാഹനം എത്തുന്നതിനാൽ വിനോദസഞ്ചാരികൾക്ക് അതിവേഗം തന്നെ കാഴ്ചകൾ കണ്ടു മടങ്ങാൻ കഴിയുമായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും പ്രദേശത്തെ പച്ചപ്പും വിനോദസഞ്ചാരികൾ ഏറെ ആസ്വദിച്ചിരുന്നു. ആവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി എത്രയും വേഗം കേന്ദ്രത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വിനോദസഞ്ചാരികൾ എത്താതായതോടെ അനുബന്ധ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.

കാന്തൻപാറ വെള്ളച്ചാട്ടം (ഫയൽചിത്രം)