സുൽത്താൻ ബത്തേരി: ജീവനും സ്വത്തിനും ഭീഷണി എന്നതിന്റെ പേരിൽ പാതയോരങ്ങളിൽ മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യാത്തതിനാൽ സർക്കാർ ഖജനാവിലേക്ക് എത്തേണ്ട കോടികളാണ് നഷ്ടമാകുന്നത്. റോഡരുകിൽ കിടക്കുന്ന മരങ്ങൾ കൃത്യമായി നീക്കം ചെയ്യാത്തതിനാൽ ചിതലെടുത്ത് നശിക്കുകയാണ്. ഒരു വർഷം മുതൽ മൂന്ന് വർഷം മുമ്പ് വരെ മുറിച്ചിട്ട വീട്ടിയുൾപ്പെടെയുള്ള മരങ്ങളാണ് ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇങ്ങനെ മരം മുറിച്ചിട്ടുണ്ടെങ്കിലും അമ്പലവയൽ ആയിരംകാല്ലി മുതൽ വടുവൻചാൽ വരെയുള്ള റോഡരുകിലെ മരങ്ങളാണ് കൂടുതലും മുറിച്ചിട്ടിരിക്കുന്നത്. മുറിച്ചിട്ട മരങ്ങൾ റോഡരുകിൽ തന്നെ നിക്ഷേപിച്ചതിനാൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒന്നുപോലെ ഭീഷണിയായി മാറിയിരിക്കുകയാണ്. മുറിച്ചിട്ട മരങ്ങൾ കൃത്യമായി സർക്കാർ ഡിപ്പോകളിലേയ്ക്ക് എത്തിക്കുന്നകാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് മരം റോഡരുകിൽ കിടന്ന് നശിക്കാൻ കാരണമായത്. പാതയോരങ്ങളിൽ മുറിച്ചിട്ട മരങ്ങൾക്ക് പുറമെ കാറ്റിലും മഴയിലും വീണ മരങ്ങളും വെയിലും മഴയും കൊണ്ട് ചിതലരിച്ച് കിടക്കുകയാണ്. പല സ്ഥലത്തും മരങ്ങൾ ചിതലെടുത്ത് മണ്ണായി കഴിഞ്ഞു. വിലപിടിപ്പുള്ള മരങ്ങൾ മുറിക്കുമ്പോൾ ആവശ്യത്തിന് അളവുകൾ പാലിക്കാതെ മുറിക്കുന്നതുകൊണ്ട് മരം ഡിപ്പോവിലെത്തി ലേലത്തിന് വെച്ചാലും ഉരുപ്പടിക്കുള്ള സൈസല്ലാത്തതിനാൽ തുച്ഛമായ പൈസയാണ് കിട്ടുക. മരം കൃത്യ സമയത്തിനുള്ളിൽ നീക്കാത്തതിന്റെ പേരിൽ ചിതലെടുത്ത് നശിക്കുകയും, ക്രമത്തിലല്ലാതെ മുറിച്ചിടുന്നതിനാൽ ഡിപ്പോവിലെത്തിയാലും ലേലത്തിൽ പിടിക്കാനും ആളില്ലാതാകുന്നു. മരം നീക്കം ചെയ്യുന്ന കാര്യത്തിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും പ്രശ്നം സൃഷ്ടിക്കുന്നു.
മുറിച്ചിട്ട മരം നീക്കം ചെയ്യാത്തതിനെ തുടർന്ന് ചിതലെടുത്ത് മണ്ണായി നശിക്കുന്നു . അമ്പലവയൽ മഞ്ഞപ്പാറ റോഡിൽ നിന്നുള്ള ദൃശ്യം