abcd
എ.ബി.സി.ഡി വാട്സ്ആപ്പ് കൂട്ടായ്മയുടെ സാമ്പത്തിക സഹായത്തിൽ തുറന്ന വർക്ക്ഷോപ്പിന്റെ ഉദ്ഘാടനം ടി. സിദ്ധിഖ് എം.എൽ.എ നിർവഹിക്കുന്നു

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വർക്ക്‌ഷോപ്പുകൾ വീണ്ടും തുറക്കാൻ സഹായം നൽകി എ.ബി.സി.ഡി വാട്സ്ആപ്പ് കൂട്ടായ്മ. ചൂരൽമല സ്വദേശികളായ മഹേഷ്, സജീർ എന്നിവർക്കാണ് കൽപ്പറ്റയിൽ വർക്ക് ഷോപ്പ് ഒരുക്കിനൽകിയത്. സംസ്ഥാനത്തെ ടൂ വീലർ വർക്ക് ഷോപ്പ് ഉടമകളുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ് എ.ബി.സി.ഡി. രണ്ടായിരത്തോളം അംഗങ്ങളുള്ള കൂട്ടായ്മ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷങ്ങൾ പിരിച്ചെടുത്ത് രണ്ട് വർഷോപ്പ് ഒരുക്കി നൽകിയത്. ചൂരൽമല സ്‌കൂൾ റോഡിൽ വീടിനോട് ചേർന്ന് വർക്ക് ഷോപ്പ് നടത്തിയിരുന്ന ആളാണ് മഹേഷ്. ഉരുൾപൊട്ടലിൽ വീടിനൊപ്പം വർക്ക്‌ഷോപ്പും തകർന്നു. ഉപജീവനമാർഗ്ഗം നിലച്ചതിനാൽ വലിയ പ്രയാസത്തിൽ കഴിയുകയായിരുന്നു മഹേഷ്, സമാനമായ സാഹചര്യമാണ് ചൂരൽമല സ്വദേശി സജീറിനും. ഇരുവർക്കും അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വർഷോപ്പുകളാണ് കൂട്ടായ്മ ഒരുക്കി നൽകിയത്. 5 ലക്ഷത്തോളം രൂപയാണ് രണ്ട് വർഷോപ്പുകൾക്കുമായി കൂട്ടായ്മ ചെലവഴിച്ചത്. പിണങ്ങോട് റോഡിലാണ് മഹേഷിന്റെ വർക്ക്‌ഷോപ്പ് ഒരുക്കി നൽകിയത്. സജീറിന് കൽപ്പറ്റ അമ്പിലേരിയിലും. ഇരു വർക്ക്ഷോപ്പുകളുടെയും ഉദ്ഘാടനം ടി. സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന ഇരുചക്ര വാഹനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിന് എ.ബി.സി.ഡി കൂട്ടായ്മ രണ്ടുദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അറുപതോളം വാഹനങ്ങളാണ് ക്യാമ്പിൽ അറ്റകുറ്റപ്പണികൾ തീർത്തു നൽകിയത്. ഇത്തരത്തിൽ നിരവധി സേവന പ്രവർത്തനങ്ങളാണ് കൂട്ടായ്മ നടത്തിയത്.

എ.ബി.സി.ഡി വാട്സ്ആപ്പ് കൂട്ടായ്മയുടെ സാമ്പത്തിക സഹായത്തിൽ തുറന്ന വർക്ക്ഷോപ്പിന്റെ ഉദ്ഘാടനം ടി. സിദ്ധിഖ് എം.എൽ.എ നിർവഹിക്കുന്നു