കോഴിക്കോട്: അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭരണ, സാങ്കേതിക അനുമതി ജില്ലാതലത്തിൽ നൽകുന്ന വിധം ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റിൽ
പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വികസന വകുപ്പുകളുടെ ജില്ലാതല അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കർ ഗ്രാമവികസന പദ്ധതികൾക്ക് ജില്ലാ കളക്ടറായിരിക്കും ഭരണാനുമതി നൽകുക. കളക്ടറുടെ മേൽനോട്ടത്തിലുള്ള എൻജിനിയർമാർ സാങ്കേതികാനുമതി ലഭ്യമാക്കും. പട്ടികജാതി-പട്ടികവർഗ- പിന്നാക്ക വികസന വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും എൻജിനിയർമാരും വിരമിച്ച ഒരു എൻജിനിയറും ഉൾപ്പെടുന്നതായിരിക്കും സമിതി.
പദ്ധതി നടപ്പാക്കാൻ ഉന്നതിയിൽ ചുരുങ്ങിയത് 25 കുടുംബങ്ങൾ വേണമെന്ന മാനദണ്ഡവും മാറ്റും. പുതുക്കിയ ഭേദഗതി അനുസരിച്ച് സമീപത്തെ പട്ടികജാതി-പട്ടികവർഗ വീടുകളും കൂടി ഉൾപ്പെടുത്തി ഒരു ക്ലസ്റ്റർ ആയി പരിഗണിച്ച് 25 വീടുകൾ തികച്ചാൽ മതിയാകും. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ട വ്യക്തിക്ക് വീട് നിർമ്മിച്ചുനൽകാൻ ഭൂമി ഇല്ലെങ്കിൽ ഏതെങ്കിലും പദ്ധതിയിലുൾപ്പെടുത്തി നിർബന്ധമായും അഞ്ച് സെന്റ് ഭൂമി അനുവദിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. ഓരോ ഉന്നതിയിലേക്കും വാഹനയോഗ്യമായ വഴിയും കുടിവെള്ള വിതരണവും വൈദ്യുതി സൗകര്യവും ഉണ്ടെന്നും ഉറപ്പുവരുത്തണം.