
ഫറോക്ക്: ചാലിയാറിനു കുറുകെയുള്ള ഫറോക്ക് പുതിയപാലം ഇനി വർണങ്ങളാലും അലങ്കാര വിളക്കുകളാലും തിളങ്ങും. പാലത്തിന്റെ കൈവരികൾ പലനിറങ്ങളുള്ള ചായം പൂശി മോടി കൂട്ടി. അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പൂർത്തിയാകുന്നതോടെ പാലം കൂടുതൽ മൊഞ്ചാകും. ചാലിയാറിന്റെ ഭംഗിക്കൊപ്പം നിറങ്ങൾ ചാർത്തി ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന പാലം യാത്രക്കാരുടെ മനംകവരും.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുതിയപാലം സൗന്ദര്യവത്കരണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. 1977ലാണ് ദേശീയപാതയിലെ ഫറോക്ക് പുതിയപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കാലപ്പഴക്കത്താൽ നടപ്പാതയുടെ സ്ലാബുകൾ തകർന്നിരുന്നു. യാത്രക്കാർക്ക് ദുരിതം സൃഷ്ടിച്ചതോടെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ടാണ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്.
ഒരാഴ്ചയ്ക്കകം മിഴിതുറക്കും
പാലത്തിന്റെ ഇരുവശത്തെയും നടപ്പാതയും കൈവരിയും പൂർണമായും പുതുക്കിപ്പണിതു. ഉയരം കൂട്ടി പുതുക്കി നിർമ്മിച്ച
കൈവരികളിൽ വിവിധ നിറങ്ങളിലുള്ള വൈദ്യുതവിളക്കുകൾ സ്ഥാപിച്ചുവരികയാണ്. വൈദ്യുതി കണക്‌ഷൻ ലഭ്യമായാൽ പാലത്തിലെ വഴിവിളക്കുകൾ ഒരാഴ്ചയ്ക്കകം മിഴി തുറക്കും. കൈവരിയിലെ വർണവിളക്കുകൾ കൂടി വരുന്നതോടെ യാത്രക്കാർക്ക് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാകും. പാലത്തിന്റെ നടപ്പാതയിൽ ഇന്റർലോക്ക് പാകി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്.
തിരക്കേറുന്നു
നേരത്തെ ഫറോക്കിലെ ബ്രട്ടീഷ് നിർമ്മിത പഴയപാലം വിദേശ മാതൃകയിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച് ദീപാലംകൃതമാക്കിയിരുന്നു. പാലത്തിനു സമീപത്തെ നമ്മൾ പാർക്കിലും സെൽഫി പോയിന്റിലും സായാഹ്നങ്ങളിൽ നിരവധിപ്പേരാണ് എത്തുന്നത്. പുതിയ പാലത്തിന് സമീപത്തെ പൊതുമരാമത്ത് റസ്റ്റ്ഹൗസ് ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.